“കറുത്ത തടവറകള്‍” പുനഃസ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്ന് ട്രംപ് പിന്‍മാറി

ബ്ലാക്ക് സൈറ്റ്’ തടവറകള്‍ പുനഃസ്ഥാപിക്കുന്നതിനുള്ള നീക്കത്തില്‍ നിന്ന് ട്രംപ് ഭരണകൂടം പിന്‍മാറിയതായി റിപ്പോര്‍ട്ട്. തടവറകള്‍ വീണ്ടെടുക്കാനുള്ള നീക്കത്തില്‍നിന്നു പിന്‍മാറിയെങ്കിലും ഗ്വാണ്ടനാമോ ബേ അടക്കമുള്ള തടവറകളുടെ ഉപയോഗം വ്യാപിപിക്കുന്നതു സംബന്ധിച്ചു പുതിയ കരടുരേഖയില്‍ പരാമര്‍ശമുണ്ടെന്നാണു സൂചന.കറുത്ത തടവറകള്‍ യുഎസ് ചാരസംഘടനയായ സിഐഎയ്ക്കു തുറന്നുകൊടുക്കാന്‍ ട്രംപ് ഭരണകൂടം കരട് തയാറാക്കിയെങ്കിലും ഇത് പുനഃപരിശോധിക്കാന്‍ പിന്നീട് നിര്‍ദേശം നല്‍കിയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കന്‍ തടവറകളില്‍ മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടന്നെന്ന യുഎസ് സെനറ്റിന്റെ ഇന്റലിജന്‍സ് കമ്മിറ്റി റിപ്പോര്‍ട്ട് രണ്ടുവര്‍ഷം മുമ്പ് പുറത്തുവന്നിരുന്നു. 6,700 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടിലെ 500 പേജുകള്‍ മാത്രമാണ് പുറത്തുവന്നത്. തന്ത്രപ്രധാന വിവരങ്ങള്‍ അടങ്ങിയ ബാക്കി പേജുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞമാസം 25 നാണ് ബ്ലാക് സൈറ്റുകള്‍ തുറന്നുകൊടുക്കാനുള്ള യുഎസ് നീക്കത്തെകുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. 2001 സെപ്റ്റംബര്‍ 11 ന് ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തില്‍ തകര്‍ന്ന ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകളെയാണ് അമേരിക്ക പിടികൂടിയത്. ഇവരെ ബ്ലാക് സൈറ്റ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന രഹസ്യ തടങ്കല്‍പാളയങ്ങളില്‍ പാര്‍പ്പിച്ച് സിഐഎ ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.