ബോഫോഴ്‌സ് കേസ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐയുടെ അപ്പീല്‍

ബോഫോഴ്‌സ് കേസ് റദ്ദാക്കിയ ഡല്‍ഹി ഹൈക്കോടതിയുടെ വിധിക്കെതിരെ സിബിഐ സുപ്രീംകോടതിയില്‍. കേസില്‍ പ്രതികളെ കുറ്റവിമുക്തരാക്കിയ നടപടിയെ ചോദ്യംചെയ്ത് 12 വര്‍ഷത്തിനു ശേഷമാണ് സിബിഐയുടെ അപ്പീല്‍. 2005ലെ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. പുതിയ തെളിവുകളുണ്ടെന്നും അതിനാല്‍ കേസില്‍ വിചാരണ നടത്തണമെന്നുമാണ് സിബിഐയുടെ ആവശ്യം.

പ്രതികളായ ഹിന്ദുജ സഹോദരന്‍മാരെ കുറ്റവിമുക്തരാക്കിയ നടപടി വസ്തുതകള്‍ പരിശോധിക്കാതെയാണെന്നും സിബിഐ അപ്പീലില്‍ വ്യക്തമാക്കി. 12 വര്‍ഷമായതിനാല്‍ അപ്പീല്‍ നല്‍കേണ്ടതില്ലെന്നായിരുന്നു അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലിന്റെ നിയമോപദേശം. എന്നാല്‍ പുതിയ തെളിവുകള്‍ ഉണ്ടെന്ന് സിബിഐ അറിയിച്ചതിനെത്തുടര്‍ന്ന് അപ്പീല്‍ നല്‍കാന്‍ എ.ജി അനുമതി നല്‍കുകയായിരുന്നു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയടക്കം ഉന്നതര്‍ക്കെതിരെ ആരോപണമുയര്‍ന്ന കേസിലാണ് സിബിഐയുടെ പുതിയ നീക്കം.