പാഠപുസ്തകം : വിതരണം ഇന്നുമുതല്‍

books supply
കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റിയില്‍ പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായി. അവസാന ഘട്ടത്തില്‍ കെ.ബി.പി.എസ്. ഏറ്റെടുത്ത 10.75 ലക്ഷം പുസ്തകങ്ങളുടെ അച്ചടിയാണ് വ്യാഴാഴ്ച രാത്രി പൂര്‍ത്തിയായത്. അതേസമയം, സ്വകാര്യ പ്രസ്സായ തിരുവനന്തപുരത്തെ സോളാറില്‍ അച്ചടി പൂര്‍ത്തിയായിട്ടില്ല. നാല് ലക്ഷത്തിലേറെ പുസ്തകങ്ങള്‍ ഇവിടെ അച്ചടിക്കാനുണ്ട്. അഞ്ചാം ക്ലാസിലെ ഇംഗ്ലീഷാണ് വ്യാഴാഴ്ച അവസാനം അച്ചടിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ അച്ചടി പൂര്‍ത്തിയായ എട്ടാം ക്ലാസിലെ ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, സോഷ്യല്‍ സയന്‍സ് പുസ്തകങ്ങളുടെ ബൈന്‍ഡിങ് ജോലികള്‍ അവസാന ഘട്ടത്തിലാണ്. വെള്ളിയാഴ്ച ഈ പുസ്തകങ്ങള്‍ ജില്ലാ ഹബ്ബുകളിലേക്ക് അയച്ചുതുടങ്ങും. അഞ്ചാം ക്ലാസിലെ ഇംഗ്ലീഷ് പുസ്തകങ്ങളുടെ വിതരണം ഞായറാഴ്ചയോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.തിങ്കളാഴ്ചയോടെ ഇവിടത്തെ അച്ചടി പൂര്‍ത്തിയാക്കാനുള്ള തീവ്ര ശ്രമങ്ങള്‍ നടക്കുന്നു.