ഇന്ത്യ വിജയകരമായി ബ്രഹ്മോസ് മിസൈല്‍ പരീക്ഷിച്ചു

ഇന്ത്യ വിജയകരമായി ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍ വിക്ഷേപണം നടത്തി. 300 കിലോഗ്രാം ഭാരം വരുന്ന പോര്‍മുന വഹിക്കാന്‍ കഴിയുന്ന ക്രൂയിസ് മിസൈല്‍ ഒഡിഷ തീരത്തുളള ടെസ്റ്റ് റേഞ്ചില്‍ നിന്നാണ് പരീക്ഷിച്ചത്.

ബാലസോറിനു സമീപമുളള ചന്ദിപ്പൂരില്‍ ഇന്നു രാവിലെ 11.33ഓടെ മൊബൈല്‍ ലോഞ്ചര്‍ ഉപയോഗിച്ചാണ് വിക്ഷേപിച്ചതെന്ന് ഡി.ആര്‍.ഡി.ഒ അറിയിച്ചു. വിക്ഷേപണം അതീവ കൃത്യവും വന്‍ വിജയവുമായിരുന്നെന്ന് പദ്ധതിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന ഡി.ആര്‍.ഡി.ഒ ശാസ്ത്രജ്ഞന്‍ വ്യക്തമാക്കി.

ശേഷി വര്‍ദ്ധിപ്പിച്ചതിനു ശേഷമുളള ആദ്യപരീക്ഷണമെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ഇന്ത്യന്‍ ബഹിരാകാശ ചരിത്രത്തിലെ നാഴികകല്ലില്‍ ഒന്നാണ് ബ്രഹ്മോസ്.

2005ല്‍ ആദ്യമായി നാവികസേനയാണ് ബ്രഹ്മോസ് മിസൈലിന്റെ വിക്ഷേപണം നടത്തുന്നത്.കരയില്‍ നിന്നും, വിമാനങ്ങളില്‍ നിന്നും അന്തര്‍വാഹിനികളില്‍നിന്നും വിക്ഷേപിക്കാവുന്ന ഒരു സൂപ്പര്‍ സോണിക്ക് ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്. ഇന്ത്യന്‍ പ്രതിരോധ ഗവേഷണ വകുപ്പും, റഷ്യന്‍ എന്‍പിഒഎം ഉം സംയുക്തമായി രൂപീകരിച്ച ബ്രഹ്മോസ് കോര്‍പ്പറേഷന്‍ ആണ് ഇത് നിര്‍മ്മിച്ചെടുത്തത്