പാക് തീവ്രവാദസംഘടനകളെ പേരെടുത്ത് വിമര്‍ശിച്ച് ബ്രിക്‌സ് പ്രമേയം

ചൈനയ്ക്ക് മേല്‍ നയതന്ത്ര വിജയം നേടി ഇന്ത്യ. പാകിസ്താന്‍ ആസ്ഥാനമായ തീവ്രവാദസംഘടനകളുടെ പേരെടുത്ത് പറഞ്ഞ് ബ്രിക്‌സ് രാജ്യങ്ങള്‍ തീവ്രവാദത്തിനെതിരായി പ്രമേയം പാസാക്കി. ഡോക് ലാം സംഘര്‍ഷത്തിന് പിന്നാലെ ബ്രിക്‌സ് ഉച്ചകോടിയിലും ചൈനയ്ക്ക് മേല്‍ നയതന്ത്ര വിജയം നേടാനായത് ഇന്ത്യക്ക് അന്താരാഷ്ട്രതലത്തില്‍ അപാര മേല്‍ക്കോയ്മ നേടിക്കൊടുത്തു എന്നാണ് വിലയിരുത്തപ്പെടുന്നത്.

പാകിസ്താന്‍ കേന്ദ്രീകരിച്ചു നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മൗനം പാലിക്കുന്ന ചൈനയുടെ കൂടി പിന്തുണയോടെ സംയുക്ത പ്രസ്താവന പുറത്തിറക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. തങ്ങളുടെ അടുത്ത സുഹൃത്തായ പാകിസ്താന്‍ കേന്ദ്രീകരിച്ചുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ ഉച്ചകോടിയില്‍ ഉന്നയിക്കുന്നതിനെ ചൈന നേരത്തെ എതിര്‍ത്തിരുന്നു.

താലിബാന്‍, ഇസ്ലാമിക് സ്‌റ്റേറ്റ്‌സ്, അല്‍-ഖ്വയ്ദ, ജെയ്‌ഷെ മൊഹമ്മദ്, ലഷ്‌കര്‍ ഇ തോയിബ തുടങ്ങിയ തീവ്രവാദി സംഘടനകള്‍ രാജ്യങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയായി മാറിയെന്നാണ് ബ്രിക്‌സ് രാഷ്ട്രത്തലവന്‍മാരുടെ സംയുക്ത പ്രമേയത്തില്‍ പറയുന്നത്.