‘ബ്രൂവറി’യില്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ്; മന്ത്രിയോട് ചെന്നിത്തലയുടെ 10 ചോദ്യം!

സംസ്ഥാനത്തു മൂന്നു ബ്രൂവറികളും ഒരു ഡിസ്റ്റിലറിയും തുടങ്ങാന്‍ രഹസ്യമായി അനുമതി നല്‍കിയ സംഭവത്തില്‍ സര്‍ക്കാരിനെയും എക്‌സൈസ് മന്ത്രിയെയും വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രി ടി.പി.രാമകൃഷ്ണനോടു 10 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് എത്തി.

താന്‍ പറയുന്നതു തെറ്റാണെങ്കില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ച് അഴിമതിയില്ലെന്നു തെളിയിക്കണം. കിന്‍ഫ്രയുടെ 10 ഏക്കര്‍ ഭൂമി ബ്രൂവറി തുടങ്ങാന്‍ കൈമാറിയതിനു പിന്നില്‍ വ്യവസായ വകുപ്പിന്റെ ഇടപെടല്‍ നടത്തി. രഹസ്യമായി വിളിച്ചുവരുത്തി ഇഷ്ടക്കാര്‍ക്ക് എഴുതിക്കൊടുക്കാന്‍ ഇതൊന്നും ആരുടെയും കുടുംബ സ്വത്തല്ലെന്നും അദ്ദേഹം പറഞ്ഞു.

ചെന്നിത്തലയുടെ പത്ത് ചോദ്യങ്ങള്‍:

1. സംസ്ഥാനത്ത് 1999 മുതല്‍ നിര്‍ത്തിവെച്ചിരുന്ന ഡിസ്റ്റിലറി, ബ്രൂവറി ലൈസന്‍സ് നല്‍കല്‍ വീണ്ടും ആരംഭിച്ചത് ആരുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്? ഉത്തരവിന്റെ പകര്‍പ്പു പുറത്തുവിടാമോ?

2. ഏതു വര്‍ഷത്തെ അബ്കാരി നയമനുസരിച്ചാണു ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചത്? ആ നയത്തിന്റെ പകര്‍പ്പ് പരസ്യപ്പെടുത്താമോ?

3. 1999 മുതല്‍ നിലവിലുള്ള നയം തിരുത്തുമ്പോള്‍ ഇടതു മുന്നണി ഏകോപന സമിതിയില്‍ ചര്‍ച്ച ചെയ്തിരുന്നോ?

4. സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളില്‍ വ്യതിയാനം വരുത്തുമ്പോള്‍ അക്കാര്യം മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കു സമര്‍പ്പിക്കണമെന്ന നിബന്ധന ബ്രൂവറി വിഷയത്തില്‍ പാലിച്ചിട്ടുണ്ടോ? എങ്കില്‍ ഏതു മന്ത്രിസഭാ യോഗത്തിലാണ് അക്കാര്യം ചര്‍ച്ച ചെയ്തത്?

5. ഓരോ ബ്രൂവറിക്കും എന്തു മാത്രം ജലം ആവശ്യമാണെന്നും അവ അനുവദിച്ച സ്ഥലങ്ങളില്‍ ജലലഭ്യതയുണ്ടോയെന്നും പഠനം നടത്തിയിട്ടുണ്ടോ? പരിസ്ഥിതി ആഘാത പഠനം നടത്തിയോ?

6. പുതുതായി ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിക്കാന്‍ പോകുന്ന വിവരം ഇപ്പോള്‍ അവ ലഭിച്ച നാലുപേര്‍ മാത്രം എങ്ങിനെ അറിഞ്ഞു?

7. കേരള ഫോറിന്‍ ലിക്വര്‍ റൂള്‍ (1975) പ്രകാരം കെട്ടിടത്തിന്റെ രൂപരേഖ, യന്ത്രങ്ങളുടെ വിശദാംശങ്ങള്‍ എന്നീ വിവരങ്ങള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണമെന്ന നിബന്ധന പാലിച്ചിട്ടുണ്ടോ? അനുമതി നല്‍കിയ സ്ഥിതിക്ക് എക്‌സൈസ് കമ്മിഷണറുടെ ലൈസന്‍സ് ഏറ്റവും ഒടുവിലത്തെ സാങ്കേതിക കാര്യം മാത്രമാണെന്ന വസ്തുത എന്തിനാണ് മറച്ചുവെയ്ക്കുന്നത്?

8. ശ്രീചക്ര ഡിസ്റ്റിലറീസ് പ്രൈവറ്റ് ലിമിറ്റഡിന് വിദേശമദ്യത്തിന്റെ കോംപൗണ്ടിങ്, ബ്ലെന്‍ഡിങ് ആന്‍ഡ് ബോട്ട്ലിങ് യൂണിറ്റ് തുടങ്ങാന്‍ തൃശൂര്‍ ജില്ലയിലെ എവിടെയാണ് അനുമതി നല്‍കിയത്? ആ സ്ഥലത്തിന്റെ സര്‍വേ നമ്പര്‍ വെളിപ്പെടുത്താമോ?

9. ശ്രീചക്രയുടെ അപേക്ഷയില്‍ എക്‌സൈസ് കമ്മിഷണര്‍ക്കു തൃശൂര്‍ ഡപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ ശുപാര്‍ശ നല്‍കിയിരുന്നോ? അതിന്റെ പകര്‍പ്പ് പുറത്തുവിടാമോ?

10. പുതുതായി ഡിസ്റ്റിലറികള്‍ അനുവദിക്കേണ്ടതില്ലെന്ന 1999ലെ ഉത്തരവിനു പ്രാധാന്യമില്ലെങ്കില്‍ 2006ലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തുപോലും ആ ഉത്തരവനുസരിച്ച് ഒട്ടേറെ അപേക്ഷകള്‍ നിരസിച്ചതിന്റെ കാരണം വ്യക്തമാക്കാമോ?

Show More

Related Articles

Close
Close