ബുള്ളറ്റ് പ്രതിഷ്ഠയായി ഒരു അമ്പലം

പലതരത്തിലുള്ള പ്രതിഷ്ഠകളുള്ള അമ്പലങ്ങളുണ്ട്. എന്നാല്‍ ഒരു ബുള്ളറ്റ് പ്രതിഷ്ഠയായുള്ള അമ്പലം അധികം എവിടെയും കാണില്ല. രാജസ്ഥാനിലെ പാലി ജോധ്പുര്‍ ഹൈവേയില്‍ അമ്പലത്തില്‍ പക്ഷെ തുരുമ്പെടുത്ത 350 സി.സി. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റാണ് പ്രതിഷ്ഠ. ‘ഓം ബന്ന’ എന്നാണ് ഈ വഴിയോര ഗ്രാമത്തിന്റെ പേര്.

ബുള്ളറ്റ് ബാബയില്‍ നിന്നാണ് ഗ്രാമത്തിനും ഈ പേര് കിട്ടിയത്. 1991ല്‍ ആണ് സംഭവം. ബന്നാ ഗ്രാമത്തില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ഛോട്ടില ഗ്രാമത്തിന്റെ തലവനായ ജോഗ് സിങ്ങിന്റെ മകനായിരുന്നു ഓം സിങ്. രജപുത്രയുവാക്കളെയെല്ലാം പേരിനൊപ്പം ബന്ന എന്ന് ചേര്‍ത്ത് വിളിക്കുമായിരുന്നതിനാല്‍ ഓം ബന്ന എന്നായിരുന്നു ഓം സിങ് അറിയപ്പെട്ടിരുന്നത്. വിവാഹം കഴിഞ്ഞ് അധികനാളാകും മുന്നെ ഓം ബന്ന ഒരു ബുള്ളറ്റ് വാങ്ങി. പിന്നെ അതിലായി യാത്ര.

ഒരു ദിവസം രാത്രി പാലിയില്‍നിന്ന് ഛോട്ടിലയിലേക്കുള്ള യാത്രയില്‍ വഴിയരികിലെ മരത്തിലിടിച്ച് ബന്ന ദൂരെയ്ക്ക് തെറിച്ചു വീണു. മണല്‍കൂനകള്‍ക്കിടയില്‍ നിന്നാണ് ശവശരീരം ലഭിച്ചത്. പോലീസുകാരെത്തി ബൈക്ക് സ്‌റ്റേഷനിലേക്കെടുത്തു കൊണ്ടു പോയി. എന്നാല്‍ അന്നു രാത്രിതന്നെ, അപകടമുണ്ടായ സ്ഥലത്ത് ബുള്ളറ്റ് തിരിച്ചെത്തി. ആരോ കരുതിക്കൂട്ടി ചെയ്തതാണെന്ന ധാരണയില്‍ പോലീസുകാര്‍ ബൈക്ക് വീണ്ടും സ്റ്റേഷനിലെത്തിച്ചു. പെട്രോള്‍ ഊറ്റിക്കളഞ്ഞു. പക്ഷേ, അന്നു രാത്രിയും അനുഭവം പഴയതു തന്നെ. ഭയന്നു പോയ പോലീസുകാര്‍ ബൈക്ക്, ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. അവര്‍ അത് ഗുജറാത്തിലുള്ള ഒരാള്‍ക്ക് വിറ്റു. എന്നാല്‍ 400 കിലോമീറ്റര്‍ അകലത്തില്‍നിന്ന് അപകടം നടന്ന സ്ഥലത്ത് ബൈക്ക് വീണ്ടും പ്രത്യക്ഷപ്പെട്ടു. ബുള്ളറ്റ് വാങ്ങിയ ആളും അത് ഉപേക്ഷിച്ചു. കഥകള്‍ ഇങ്ങനെ നീളുന്നു… മരിച്ച ദിവസം രാത്രി ഓം ബന്നയുടെ ആത്മാവ് അതുവഴി പോയ ഒരു ട്രക്കിന് ലിഫ്റ്റ് ചോദിച്ചുവത്രേ! അപകടം നടന്ന സ്ഥലമെത്തിയപ്പോള്‍ ട്രക്കിന്റെ ഡ്രൈവറോട് ഹോണടിക്കാന്‍ പറഞ്ഞു. ‘നീ എന്ത് കാര്യത്തിനായി പോകുന്നുവോ തീര്‍ച്ചയായും അത് സാധിക്കും’ എന്ന് പറഞ്ഞ ശേഷം ബന്നയുടെ ആത്മാവ് അപ്രത്യക്ഷനായെന്നു മറ്റൊരു കഥ.

ബന്ന മരിച്ച നാള്‍ മുതല്‍ അര്‍ദ്ധരാത്രിയില്‍ ബുള്ളറ്റിന്റെ ഇരമ്പല്‍ കേള്‍ക്കാറുണ്ടെന്ന് ബന്ന ഗ്രാമത്തിലുള്ളവര്‍ പറയുന്നു. കഥകളും എന്നു കൂടി ചേര്‍ക്കണം. കഥ കൗതുകമുള്ളതാണെങ്കില്‍ അതിനേക്കാള്‍ കൗതുകമുള്ളതാണ് ഇവിടത്തെ രീതികള്‍. ബുള്ളറ്റ് ബാബയ്ക്ക് നിവേദ്യം ബിയറാണ്. ക്ഷേത്രത്തിന് പൂജാരിയൊക്കെയുണ്ട്. റോഡരികില്‍ ബന്നയുടെ ബൈക്കിടിച്ച മരത്തിനോട് ചേര്‍ന്ന് ഒരു തറ കെട്ടിയിട്ടുണ്ട്. അതില്‍ ഓം ബന്നയുടെ ചിത്രം, മാര്‍ബിളിലുള്ള വിഗ്രഹം എന്നിവ വെച്ചാണ് പൂജ. ഈ വിഗ്രഹത്തിലാണ് ഭക്തര്‍ ‘മദ്യധാര’ നടത്തുന്നത്. ഇതിന് പിന്നിലാണ് മേല്‍ക്കൂരയൊക്കെ കെട്ടി ബുള്ളറ്റ് പ്രതിഷ്ഠിച്ചിരിക്കുന്നത്.

എല്ലാ വര്‍ഷവും അഷ്ടമിനാളില്‍ ബുള്ളറ്റ് തനിയെ സ്റ്റാര്‍ട്ടാകുമത്രേ! സമീപ ഗ്രാമങ്ങളിലുള്ളവര്‍ ഉള്‍പ്പടെ വിവാഹ ദിവസം ഇവിടെയെത്തി പ്രണാമം അര്‍പ്പിക്കുന്നു. രജപുത്ര കുടുംബത്തിലെ അംഗങ്ങളെല്ലാം നവജാത ശിശുക്കളെ ബുള്ളറ്റ് ബാബയ്ക്ക് മുന്നില്‍ കൊണ്ടുവരും. തങ്ങളുടെ കുലദൈവമായാണ് അവര്‍ ബന്നയെ കരുതുന്നത്. ആദ്യമായി മുടിമുറിക്കുന്ന ചടങ്ങും ബുള്ളറ്റ് ബാബയുടെ സന്നിധിയിലാണ് നടത്തുക. ദിനംപ്രതി നിരവധി വിശ്വാസികളാണ് ഇവിടെ വന്നുപോകുന്നത്.