ആയിരം കിലോമീറ്ററോളം സഞ്ചരിക്കേണ്ട ബസ് വിജയവാഡയിലെത്തിയപ്പോള്‍ പുതിയ ഡ്രൈവര്‍ കയറി.

ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് പത്ത് പേര്‍ മരിച്ചു. 40 ലധികം പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. തെലുങ്കുദേശം പാര്‍ട്ടി എംപി ജെസി ദിവാകര്‍ റെഡിയുടെ ഉടമസ്ഥതയിലുള്ള ദിവാകര്‍ ട്രാവല്‍സ് എന്ന ബസാണ് അപകടത്തില്‍പെട്ടത്. ഭുവനേശ്വരില്‍ നിന്നും ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ബസ്സില്‍ 60ലധികം യാത്രക്കാരുണ്ടായിരുന്നു. പരിക്കേറ്റവരെ വിജയവാഡ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആയിരം കിലോമീറ്ററോളം സഞ്ചരിക്കേണ്ട ബസ് വിജയവാഡയിലെത്തിയപ്പോള്‍ പുതിയ ഡ്രൈവര്‍ കയറി. ശേഷം അമിതവേഗത്തിലായിരുന്ന ബസ് പാലത്തിന്റെ വശങ്ങളിലുള്ള കൈവരികള്‍ തകര്‍ത്ത് വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗ്യാസ് കട്ടറുകളുടെ സഹായത്തോടെയാണ് യാത്രക്കാരെ രക്ഷിച്ചത്. ഡ്രൈവര്‍ ആദി നാരായണ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഏഴുപേര്‍ സംഭവസ്ഥലത്തു വെച്ചും മൂന്ന് പേര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരണപ്പെട്ടത്. പത്ത് പേരുടെ നില ഗുരുതരമാണ്.