ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്കു മറിഞ്ഞ് 14 പേര്‍ മരിച്ചു, ഒരാള്‍ക്കു പരിക്ക്

ഉത്തരാഖണ്ഡില്‍ മിനി ബസ് കൊക്കയിലേക്കു മറിഞ്ഞ് 14 പേര്‍ മരിച്ചു. ഒരാള്‍ക്കു പരിക്ക്. ഉത്തരകാശി ജില്ലയിലെ സന്‍ഗ്ലായിക്കു സമീപം തിങ്കളാഴ്ച വൈകിട്ടാണു ബസ് 100 മീറ്റര്‍ താഴ്ചയുള്ള കൊക്കയിലേക്കു മറിഞ്ഞത്.

ഗംഗോത്രി ക്ഷേത്രത്തിലെ പൂജയില്‍ പങ്കെടുത്തു മടങ്ങിയവരാണ് അപകടത്തില്‍പെട്ടത്. ഗംഗോത്രി ദേശീയപാതയില്‍ മണ്ണിടിച്ചിലില്‍ ബസ് അകപ്പെട്ടതിനെ തുടര്‍ന്നാണ് അപകടമെന്നാണു സൂചന.

പതിമൂന്നുപേര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു, ഒരാള്‍ ആശുപത്രിയില്‍ പോകുന്നവഴിയാണ് മരിച്ചത്.

തെരച്ചില്‍ നടത്തിയ പ്രാദേശിക ഭരണകൂടവും, പൊലീസ്, എസ്ഡിആര്‍എഫ് ടീമുകളും ചേര്‍ന്നാണ് പരുക്കേറ്റ പെണ്‍കുട്ടിയെ രക്ഷിച്ചത്. നാളെ വീണ്ടും തെരച്ചില്‍ തുടരും.