കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ ലൈംഗിക പീഡനം ഉന്നയിച്ചിരുന്നില്ലെന്ന് മൊഴി

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതി ലഭിച്ചിട്ടില്ലെന്ന് സിറോ മലബാര്‍സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി  അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു.  കൊച്ചിയിലെ സിറോ മലബാര്‍ സഭാ ആസ്ഥാനത്ത് എത്തിയാണ് പൊലീസ് മൊഴിയെടുത്തത്. മഠത്തിലെ മറ്റുകാര്യങ്ങളുമായി ബന്ധപ്പെട്ടാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. അതീവ രഹസ്യ സ്വഭാവമുള്ള പരാതിയായതിനാല്‍ മറ്റാരോടും ഇക്കാര്യം പറഞ്ഞില്ല. മറ്റൊരു സഭയുമായി ബന്ധപ്പെട്ട വിഷയമായതിനാലാണ് അതില്‍ ഇടപെടാതിരുന്നത്. കന്യാസ്ത്രീയുടെ സഭയുമായി ബന്ധപ്പെട്ട മേലധികാരികളെ ഇക്കാര്യം അറിയിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നതായും കര്‍ദ്ദിനാള്‍ അന്വേഷണ സംഘത്തിനോട് പറഞ്ഞു.