രാജ്യത്തിന്റെ നിയമങ്ങള്‍ വെച്ച് സഭാ നിയമങ്ങള്‍ ചോദ്യം ചെയ്യരുത്: ആലഞ്ചേരി

രാജ്യത്തിന്‍റെ നിയമങ്ങൾവെച്ച് കാനോൻ നിയമത്തിൽ ഇടപെടരുതെന്ന് സീറോ മലബാർ സഭ കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കോടതി വിധിയെ കൊണ്ട് സഭയെ നിയന്ത്രിക്കാനാവും എന്ന് കരുതുന്നവർ സഭയിലുണ്ടെന്നും മാർ ആലഞ്ചേരി ചൂണ്ടിക്കാട്ടി. ആലപ്പുഴ കോക്കമംഗലം സെന്‍റ് തോമസ് ദേവാലയത്തിൽ ദുഃഖവെള്ളി പ്രാർഥനക്കിടെയായിരുന്നു മാർ ആലഞ്ചേരിയുടെ പരാമർശം.

രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കേണ്ടത് പൗരന്റെ കടമാണ്. എന്നാല്‍ ദൈവത്തിന്റെ നിയമങ്ങള്‍ക്കാണ് പ്രാമുഖ്യം കൊടുക്കേണ്ടത്. രാജ്യത്തിന്റെ നിയമങ്ങള്‍ വെച്ച് സഭാ നിയമങ്ങള്‍ ചോദ്യം ചെയ്യരുത്. നീതിമാനാണ് കുരിശില്‍ കിടക്കുന്നതെന്നും ആലഞ്ചേരി പറഞ്ഞു. കോടതിവിധികളെ കൊണ്ട് സഭയെ നിയന്ത്രിക്കാമെന്ന് കരുതുന്നവര്‍ സഭയില്‍ ഉണ്ട്. എങ്ങനെയെങ്കിലും തനിക്ക് വലിയവനാകണം എന്ന ചിന്ത ചിലരിലുണ്ട്. അത്തരക്കാരെ ജനം ഹൃദയത്തിലേറ്റില്ലെന്നും ആലഞ്ചേരി പറഞ്ഞു. അതേസമയം, പൊതുസമൂഹത്തില്‍ സഭ അപഹസിക്കപ്പെടുന്നുവെന്നുവെന്ന് ചങ്ങനാശ്ശേരി അതിരൂപത സഹായ മൈത്രാന്‍ മാര്‍ തറയില്‍ പറഞ്ഞു. ചില അജപാലകര്‍ തന്നെ അതിന് നേതൃത്വം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.