ഗൗരി ലങ്കേഷ് വധം: കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് തേടി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം തേടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം കര്‍ണാടക സര്‍ക്കാരിനോട് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങാണ് സംസ്ഥാനത്തിന്റെ റിപ്പോര്‍ട്ട് തേടാനുള്ള നിര്‍ദ്ദേശം മന്ത്രാലയത്തിന് നല്‍കിയത്. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. മരിച്ച ഗൗരി ലങ്കേഷിന്റെ സഹോദരന്‍ ഇന്ദ്രജിത് ലങ്കേഷ് അടക്കമുള്ളവര്‍ ഈ ആവശ്യമുന്നയിച്ചു. ചൊവ്വാഴ്ച രാത്രിയാണ് ബെംഗളൂരുവിലെ വസതിയില്‍വച്ച് ഗൗരി ലങ്കേഷ് വെടിയേറ്റുമരിച്ചത്.

വീടിന്റെ വരാന്തയിലാണ് മൃതദേഹം കിടന്നിരുന്നത്. ഏഴു തവണ നിറയൊഴിച്ചതായാണു വിവരം. നാലെണ്ണം ലക്ഷ്യം തെറ്റി വീടിന്റെ ഭിത്തിയിൽ തറച്ചു. തലയ്ക്കും നെഞ്ചിലുമായി മൂന്നു വെടിയേറ്റ ഗൗരി സംഭവസ്ഥലത്തുതന്നെ മരിച്ചതായി പൊലീസ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക പോലീസ് സംഘം രൂപവത്കരിച്ചിട്ടുണ്ട്. ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് അന്വേഷണസംഘം. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നാലെ പുരോഗമന ചിന്താഗതിക്കാരായ ആക്ടിവിസ്റ്റുകള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പോലീസിന് നല്‍കി. ഗൗരി ലങ്കേഷ് അടുത്തിടെയും തന്നെ സന്ദര്‍ശിച്ചിരുന്നുവെന്നും വധഭീഷണിയുള്ളതിന്റെ യാതൊരു സൂചനയും നല്‍കിയിരുന്നില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.