ഉഡുപ്പി തീരത്ത് ചാകര; തിരയ്‌ക്കൊപ്പം കൂട്ടമായെത്തുന്നത് നത്തോലി

ഉഡുപ്പി കടല്‍ത്തീരത്ത് വന്‍ ചാകര. തിരയ്‌ക്കൊപ്പം കൂട്ടമായെത്തുന്നതില്‍ അധികവും നത്തോലി മീനുകള്‍. തിരമാലകള്‍ക്കൊപ്പം മീനുകള്‍ കൂട്ടമായെത്തുന്നതോടെ ഉഡുപ്പി തീരത്ത് മീന്‍ വാരിയെടുക്കാന്‍ ആളുകളുടെ തിരക്കാണ്. എത്ര വാരിയെടുത്തിട്ടും മീന്‍ തീരുന്നുമില്ല, വീണ്ടും വീണ്ടും കരയിലേക്ക് മീന്‍ അടിയുകയാണ്. ഉഡുപ്പി ഹെജ്മഡെ അമസീക്കരെ കടപ്പുറത്താണ് വന്‍ ചാകരയുണ്ടായത്.

വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് മീന്‍ തീരത്തേക്ക് എത്തിയത്. കടല്‍ത്തീരത്ത് പ്രഭാതസവാരിക്കിറങ്ങിയ ആളുകളാണ് ആദ്യം മീന്‍ കൂട്ടമായെത്തുന്നത് കണ്ടത്. കണ്ടവരൊക്ക നടത്തം നിര്‍ത്തി കിട്ടിയ കവറുകളില്‍ മീന്‍ പെറുക്കിയെടുക്കുകയായിരുന്നു. ചാകരയറിഞ്ഞ് ദൂരെ നിന്നു പോലും ആളുകള്‍ വണ്ടിയില്‍ വലിയ ചാക്കുകളുമായി വന്ന് മീന്‍ ശേഖരിക്കാന്‍ തുടങ്ങി. കടല്‍ തീരം ആളുകളെകൊണ്ട് നിറഞ്ഞിരുന്നു. ലോറികളിലൊക്കെ ആളുകളെത്തി മീന്‍ കയറ്റിക്കൊണ്ടുപായി.

കടല്‍ത്തീരത്തെ മണല്‍പ്പരപ്പില്‍ നത്തോലി മീന്‍ ഉള്‍പ്പെടെ കൂട്ടത്തോടെ പിടയുന്ന കാഴ്ച ഏവരെയും അമ്പരപ്പിക്കും. പ്രദേശവാസികള്‍ ചാക്കിലും കവറിലുമായി ജീവനുള്ള മീനുകളെ പെറുക്കിയെടുക്കാന്‍ പാടുപെടുന്ന വീഡിയോ വൈറലാവുകയാണ്. കരപ്രദേശത്തോട് ചേര്‍ന്ന കടലില്‍ വലവീശിയ മീന്‍പിടിത്തക്കാര്‍ മീന്‍നിറഞ്ഞ വല വള്ളത്തിലേക്ക് കയറ്റാനാവാതെ ബുദ്ധിമുട്ടുകയായിരുന്നു. ഇന്നേവരെ കടല്‍ത്തീരം കാണാത്ത ചാകരയാണ് ഇത്തവണയുണ്ടായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം കാരണം തീരദേശത്തെ കടലില്‍ മീനുകള്‍ക്ക് ഭക്ഷ്യയോഗ്യമായ ചെളി അടിഞ്ഞതിനാലാണ് ചാകര വന്നതെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.