ഛത്തീസ് ഗഢില്‍ മാവോയിസ്റ്റ് ആക്രമണം 16മരണം

maoist

ഛത്തീസ്ഗഢിലെ സുക്മ ജില്ലയില്‍ മാവോവാദികള്‍ സേനാവ്യൂഹത്തെ ആക്രമിച്ച് 16 സുരക്ഷാഭടന്മാരെ വധിച്ചു. 11 സി.ആര്‍.പി.എഫ്. ജവാന്‍മാരും ഛത്തീസഗഢ് പോലീസിലെ നാലുപേരും ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്.

പൊതുതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയുണ്ടായ ആക്രമണം സുരക്ഷാകേന്ദ്രങ്ങളില്‍ കടുത്ത ആശങ്ക പടര്‍ത്തി. കൊല്ലപ്പെട്ടവരിലൊരാള്‍ സി.ആര്‍.പി.എഫിലെ അസിസ്റ്റന്റ് കമാന്‍ഡന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്.

റായ്പുരിന് 400 കി.മീ. അകലെ വനമേഖലയായ ‘ജീരം നള്ള’യില്‍ ചൊവ്വാഴ്ച രാവിലെ 10.15-ഓടെയായിരുന്നു ആക്രമണം.
ടോങ്പാല്‍ വനത്തില്‍ റോഡ്പണിക്കുപോയ തൊഴിലാളികള്‍ക്ക് തുണപോയ 48 അംഗ സേനയെ കെണിയില്‍പ്പെടുത്തി ആക്രമിക്കുയായിരുന്നു. കുഴിബോംബ് പൊട്ടിച്ചശേഷം മാവോവാദി സംഘം ശക്തമായ വെടിവെപ്പു നടത്തിയെന്ന് ഛത്തീസ്ഗഢ് എ.ഡി.ജി.പി. മുകേഷ് ഗുപ്ത പറഞ്ഞു. സേനയും മാവോവാദികളും തമ്മിലുള്ള വെടിവെപ്പ് മൂന്നുമണിക്കൂറോളം നീണ്ടുനിന്നു. ഇരുന്നൂറോളം മാവോവാദികള്‍ അക്രമിസംഘത്തിലുണ്ടായിരുന്നെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിങ് പറഞ്ഞു.

പരിക്കേറ്റ സേനാംഗങ്ങളെ ഹെലികോപ്റ്ററില്‍ റായ്പുരിലെ ആസ്പത്രികളിലേക്ക് മാറ്റി. സംഭവം നടന്ന സ്ഥലത്ത് റോഡുകളുണ്ടാക്കിവരുന്നതേയുള്ളൂവെന്ന് മുഖ്യന്ത്രി പറഞ്ഞു. കൊടുംവനമായതിനാലും വാഹനങ്ങള്‍ എത്തിപ്പെടാന്‍ സൗകര്യമില്ലാത്തതിനാലും കൂടുതല്‍ സൈന്യത്തെ ഉടന്‍ സംഭവസ്ഥലത്തെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ മൊബൈല്‍ ഫോണ്‍ കവറേജ് ഇല്ലാത്തത് വിവരം ഉടന്‍ പുറത്തറിയിക്കുന്നതിന് തടസമായി. ജവാന്‍മാരുടെ 15 യന്ത്രത്തോക്കുകള്‍ മാവോവാദികള്‍ മോഷ്ടിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

മാവോവാദികളുടെ ദണ്ഡകാരണ്യ മേഖലാസമിതിയിലെ ദര്‍ഭഘാട്ടി ശാഖയില്‍പ്പെട്ട രാമണ്ണ, സുരീന്ദര്‍, ദേവ എന്നിവരാണ് ആക്രമണത്തിനുപിന്നിലെന്ന് കരുതുന്നു. ചൊവ്വാഴ്ച്ച അക്രമണം നടന്ന സ്ഥലത്തിന് അഞ്ചു കി.മീ. അകലെവെച്ചാണ് കഴിഞ്ഞവര്‍ഷം മെയ് 25-ന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വാഹനവ്യൂഹത്തെ ആക്രമിച്ച് നേതാക്കളെ വധിച്ചത്. 2010 ഏപ്രിലില്‍ മാവോവാദികള്‍ 76 പോലീസുകാരെ കൊലപ്പെടുത്തിയതും ഇതിനടുത്തുവെച്ചാണ്.

സംഭവത്തെ അപലപിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ മാവോദികളെ നേരിടുമെന്നും ഇത്തരം ആക്രമണങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ് ആക്രമണമെന്ന് ബി.ജെ.പി. അഭിപ്രായപ്പെട്ടു.