ചെങ്ങന്നൂരുകാർ മുഴുക്കുടിയൻമാരെന്ന് സിപിഐ നേതാവ്

കൊച്ചി: ചെങ്ങന്നൂരുകാരെ അധിക്ഷേപിച്ച് സിപിഐ നേതാവ് രംഗത്ത്. സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗണ്‍സിൽ അംഗവുമായ പി രാജുവാണ് ചെങ്ങന്നൂർ നിവാസികളെ ഒന്നടങ്കം അധിക്ഷേപിച്ച് രംഗത്തെത്തിയത്. ചെങ്ങന്നൂരുകാർ മഹാഭൂരിപക്ഷവും കുടിയൻമാരാണ്. രണ്ട് പെഗ്ഗ് അടിക്കുന്നത് തെറ്റല്ലെന്ന് കരുതുന്നവരാണ് ചെങ്ങന്നൂരുകാർ. മദ്യപാനം അവരുടെ ജീവിതചര്യയുടെ ഭാഗമാണ്. മദ്യപാനം സാമൂഹ്യ വിപത്തായി ചെങ്ങന്നൂരുകാർ മാത്രമല്ല താനും കരുതുന്നില്ലെന്നും പി രാജു പറഞ്ഞു. കേരളത്തിൽ മദ്യപിക്കുന്നവരുടെ എണ്ണം വർധിക്കുന്നുണ്ടെന്നും ബാറുകൾ തുറക്കുന്നത് അവർക്കൊക്കെ താൽപര്യമുള്ള കാര്യമാണെന്നും രാജു പറഞ്ഞു. സംസ്ഥാനത്തു കൂടുതൽ മദ്യവിൽപനശാലകൾ തുറക്കുന്നതു സംബന്ധിച്ച ചോദ്യത്തിനായിരുന്നു രാജുവിന്‍റെ പ്രതികരണം. കള്ള് കുടി ആരോഗ്യം വർദ്ധിപ്പിക്കുമെന്നും  മദ്യം മനുഷ്യനെ കീഴ്പെടുത്താതിരുന്നാൽ മതിയെന്നും സിപിഐ  നേതാവ് കൂട്ടിച്ചേർത്തു.
എൽ.ഡി.എഫ് സർക്കാർ മദ്യവർജനത്തിന് ഇതുവരെ എന്ത് നടപടി സ്വീകരിച്ചു എന്ന ചോദ്യത്തിന് തിയേറ്ററിൽ മദ്യത്തിന്‍റെ ദൂഷ്യഫലങ്ങൾ വിശദീകരിച്ചു പരസ്യം നൽകുന്നുണ്ടെന്നായിരുന്നു മറുപടി. മദ്യക്കുപ്പിയുടെ പുറത്ത് ആരോഗ്യത്തിനു ഹാനികരമെന്ന് എഴുതിവയ്ക്കുന്നുണ്ട്. മദ്യത്തിന്റെ ദൂഷ്യഫലങ്ങളെപ്പറ്റി വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്യും. ‘വിമുക്തി’ പദ്ധതി പ്രകാരവും മദ്യ വർജനമെന്ന എൽഡിഎഫ് നയം സർക്കാർ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചാരായ തൊഴിലാളി പുനരധിവാസ യൂണിയൻ (എഐടിയുസി) 11നു സെക്രട്ടേറിയറ്റിലേക്കു സംഘടിപ്പിക്കുന്ന മാർച്ചിനെക്കുറിച്ചു വിശദീകരിക്കാൻ വാർത്താ സമ്മേളനത്തിനെത്തിയതായിരുന്നു രാജു.
 മദ്യവിരുദ്ധ സമിതികളുടേയും സാമൂഹ്യ സംഘടനകളുടെയും  നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്‍റെ മദ്യനയത്തിനെതിരേ പ്രതിഷേധം ശക്തമായി കൊണ്ടിരിക്കുമ്പോഴാണ് വിവാദ പരാമർശവുമായി സി പി ഐ സംസ്ഥാന നേതാവ് തന്നെ രംഗത്തെത്തിയിരിക്കുന്നത്