ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് മെയ് 28ന്; വോട്ടെണ്ണല്‍ 31ന്

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു.മെയ് 28നാണ് വോട്ടെടുപ്പ്. മെയ് 31ന് വോട്ടെണ്ണല്‍ നടക്കും. വിജ്ഞാപനം മെയ് 3ന് പുറത്തിറങ്ങും. ആലപ്പുഴ ജില്ലയില്‍ ഇന്ന് മുതല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. മെയ് 10 ആണ് പത്രിക സമർപ്പിക്കാനുള്ള അവസാനതിയതി. മെയ് 11ന് പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. മെയ് 14 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. വിവിപാറ്റ് സംവിധാനമുള്ള വോട്ടിംഗ് യന്ത്രങ്ങളാണ് ചെങ്ങന്നൂരില്‍ ഉപയോഗിക്കുക.

പിണറായി സര്‍ക്കാരിനിത് വിലയിരുത്തലിനുള്ള അവസരമാണ്. അതുകൊണ്ട് തന്നെ സീറ്റ് നിലനിര്‍ത്താനുള്ള പരിശ്രമത്തിലാണ് എല്‍ഡിഎഫ്. യുഡിഎഫാകട്ടെ കൈവിട്ടുപോയ സീറ്റ് എങ്ങനെയും തിരിച്ചുപിടിക്കണമെന്ന വാശിയിലാണ്. ത്രിപുരയില്‍ നേടിയ മിന്നുന്ന വിജയത്തിന്റെ ആത്മവിശ്വാസമാണ് ബിജെപിയുടെ കരുത്ത്. ജില്ലയുമായി ബന്ധപ്പെട്ട എല്ലാ സർക്കാർ പരിപാടികൾക്കും പെരുമാറ്റച്ചട്ടം ബാധകമായിരിക്കുമെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ അറിയിച്ചു.

വിവിപാറ്റ് സംവിധാനം ഉപയോഗിക്കുന്നതിനാൽ വോട്ടിങ് യന്ത്രത്തിൽ, വോട്ട് ആർക്കാണു രേഖപ്പെടുത്തിയതെന്നു വ്യക്തമാക്കുന്ന കടലാസ് സ്ലിപ്പ് പ്രദർശിപ്പിക്കും.ഈ സ്ലിപ് വോട്ടർക്ക് എടുക്കാൻ സാധിക്കില്ല. വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണു വിവിപാറ്റ് സംവിധാനം ചെങ്ങന്നൂരിലെ എല്ലാ ബൂത്തിലും നടപ്പാക്കുന്നത്.

1,88,702 വോട്ടർമാരാണ് ചെങ്ങന്നൂർ മണ്ഡലത്തിലുള്ളത്. ഇതിൽ 87,795 പുരുഷൻമാരും 1,00907 സ്ത്രീകളുമാണ്. 228 എൻആർഐ വോട്ടർമാരുണ്ട്. 164 പോളിങ് ബൂത്തുകളാണു സജ്ജീകരിക്കുക.കഴിഞ്ഞ ജനുവരിയിലെ വോട്ടർ പട്ടിക അനുസരിച്ചായിരിക്കും തിരഞ്ഞെടുപ്പ്.