സിപിഎമ്മിനെ ട്രോളി ചെങ്ങന്നൂരിലെ കുടുംബങ്ങള്‍

സമൂഹ മാധ്യമങ്ങളിലെ ട്രോളുകള്‍ക്ക് സമാനമായ വാചകങ്ങള്‍ വീടിന് മുന്നില്‍ എഴുതി വെക്കുന്നതാണ് പുതിയ രീതി.

ചെങ്ങന്നൂര്‍ : തെരഞ്ഞെടുപ്പ് അടുത്തതോടെ കൗതുക കാഴ്ചകള്‍ക്കും ചെങ്ങന്നൂരില്‍ പഞ്ഞമില്ലാതായി. പിണറായി വിജയന്‍ സര്‍ക്കാരിന്റെ നടപടികള്‍ ഉയര്‍ത്തിക്കാട്ടി ചെങ്ങന്നൂരിലെ ചില കുടുംബങ്ങള്‍ നടത്തുന്ന പ്രചരണമാണ് അതില്‍ ഏറ്റവും ഒടുവിലത്തേത്. സമൂഹ മാധ്യമങ്ങളിലെ ട്രോളുകള്‍ക്ക് സമാനമായ വാചകങ്ങള്‍ വീടിന് മുന്നില്‍ എഴുതി വെക്കുന്നതാണ് പുതിയ രീതി.
‘ഗര്‍ഭിണിയായ ഭാര്യ വീട്ടിലുണ്ട്, അതിനാല്‍ സി.പി.എമ്മുകാര്‍ വോട്ട് ചോദിച്ച് വരരുത്’, ‘കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് പെന്‍ഷന്‍ കിട്ടാത്ത ജീവനക്കാരന്റെ വീടാണിത്, അതിനാല്‍ സി.പി.എമ്മിന് വോട്ടില്ല’, ‘ഞാനൊരു വിമുക്ത ഭടനാണ്, സൈനികരെ അപമാനിച്ച കോടിയേരിയുടെ പാര്‍ട്ടിക്ക് വോട്ടില്ല’ ഇങ്ങനെ പോകുന്നു പോസ്റ്ററിലെ വാചകങ്ങള്‍.
സമൂഹ മാധ്യമങ്ങളിലും പോസ്റ്ററുകള്‍ വൈറല്‍ ആയിട്ടുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ സി.പി.ഐ.എം പ്രവര്‍ത്തകരും മറുതന്ത്രവുമായി രംഗത്തെത്തിയതോടെ ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നവീന പ്രചരണ തന്ത്രങ്ങളും അരങ്ങ് തകര്‍ക്കുകയാണ്.