ചെങ്ങന്നൂർ എംഎൽഎ കെ.കെ.രാമചന്ദ്രൻനായർ അന്തരിച്ചു

ചെങ്ങന്നൂര്‍ : എം എല്‍ എ  കെ കെ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന്  ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇന്നു പുലര്‍ച്ചെ 4 മണിയോടെ ആയിരുന്നു അന്ത്യം. മൃതദേഹം ഇന്ന് തിരുവനന്തപുരത്തെത്തിക്കും. സംസ്കാരം പിന്നീട്. 1953 ചെങ്ങന്നൂരിലെ ആല പഞ്ചായത്തിലായിരുന്നു ജനനം. പന്തളം എൻഎസ്എസ് കോളജിലും തിരുവന്തപുരം ലോ കോളജിലുമായിട്ടിരുന്നു പഠനം. വിദ്യാര്‍ഥിരാഷ്ട്രീയത്തിലൂടെ സജീവരാഷ്ട്രീയത്തിലിറങ്ങിയ അദ്ദേഹം അടിയന്താരവസ്ഥകാലത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.

സിപിഎം ഏരിയ സെക്രട്ടറി, അഭിഭാഷകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിച്ച ശേഷമായിരുന്നു 2016 ല്‍ ചെങ്ങന്നൂരിന്റെ ജനപ്രതിനിധിയായി തെരെഞ്ഞടുക്കപ്പെട്ടത്. 2001 ലാണ് ആദ്യമായി മത്സരിച്ചത്. അന്നു ശോഭന ജോര്‍ജിനോട് 1425 വോട്ടുകള്‍ പരാജയപ്പെട്ടു. പിന്നീട് കഴിഞ്ഞ നിയമസഭ തെരെഞ്ഞടുപ്പില്‍ 7983 വോട്ടുകള്‍ കോണ്‍ഗ്രസിന്റെ പി.സി. വിഷ്ണുനാഥിനെ തോല്‍പ്പിച്ച് നിയമസഭയില്‍ എത്തി.

മുന്‍ ബാര്‍ കൗണ്‍സില്‍ പ്രസിഡന്റ്, സിപിഎം ചെങ്ങന്നൂര്‍ താലൂക്ക് യൂണിയന്‍ സെക്രട്ടറി, ഏരിയ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കടുത്ത  വി എസ് പക്ഷക്കാരാനായിരുന്ന ഇദ്ദേഹത്തിന്‍റെ 2001 ലെ തോല്‍വിക്കു കാരണം പാര്‍ട്ടിയിലെ വിഭാഗീയ പ്രവര്‍ത്തനം മൂലമായിരുന്നു എന്ന ആരോപണം ഉയര്‍ന്നിരുന്നു.

1952 ഡിസംബര്‍ 1ന് ചെങ്ങന്നൂര്‍ ആല ഭാസ്‌കരവിലാസത്തില്‍ കരുണാകരന്‍ നായരുടേയും ഭാരതിയമ്മയുടേയും മകനായി ജനിച്ച അദ്ദേഹം എസ്.എഫ്.ഐയിലൂടെയാണ് ഇടതുപക്ഷത്തേക്ക് എത്തുന്നത്. എസ്.എഫ്.ഐയുടെ ആലപ്പുഴ ജില്ലാകമ്മറ്റി അംഗമായിരുന്ന കെ.കെ.ആര്‍ ലോ കോളജ് പഠനകാലത്ത് തിരുവനന്തപുരം ജില്ലാകമ്മറ്റി അംഗമായും ലോ കോളജ് യൂണിയന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചു.  ചെങ്ങന്നൂരില്‍ അഭിഭാഷകനായി പ്രവര്‍ത്തനമാരംഭിച്ച അദ്ദേഹം ബാര്‍ കൗണ്‍സില്‍ പ്രസിഡന്റായിട്ടുണ്ട്.