ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ വികസനം; എംപിയുടെ അവകാശവാദം തള്ളി റെയില്‍വേ

ചെങ്ങന്നൂർ: ചെങ്ങന്നൂര്‍ റെയിവേ സ്റ്റേഷന്‍ വികസനത്തിന് ഇടപെട്ടത് താനാണെന്ന കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ അവകാശവാദം തള്ളി റെയില്‍വേ. കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ നിര്‍ദ്ദേശ പ്രകാരം റെയില്‍വേ വികസനത്തിന് തീരുമാനിച്ചുവെന്നാണ് റെയില്‍വേ ഉത്തരവ് വ്യക്തമാക്കുന്നത്. പതിനഞ്ച് കോടി രൂപയാണ് ആദ്യഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയിട്ടുള്ളത്. ചെങ്ങന്നൂര്‍ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങവേയാണ് എംപി രംഗത്ത് വന്നത്. വികസനപദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിച്ചത് താനാണെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലും എംപി പ്രസംഗിച്ചിരുന്നു. എന്നാല്‍ ഇന്നലെയിറങ്ങിയ റെയില്‍വേ ഉത്തരവില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ആവശ്യ പ്രകാരം വികസന പദ്ധതിക്ക് അനുമതി നല്‍കുന്നുവെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.

ആധുനിക സൗകര്യങ്ങളുള്ള വെയിറ്റിംഗ് ഹാള്‍, പാര്‍ക്കിംഗ് സ്ഥലം, ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള പുതിയ സമുച്ചയം തുടങ്ങി ഏഴിന അടിസ്ഥാന സൗകര്യ വികസനമാണ് ഒന്നാം ഘട്ടം നടപ്പാക്കുന്നത്. ഏപ്രില്‍ 9ന് കേന്ദ്ര മന്ത്രിയുടെ ചെങ്ങന്നൂര്‍ സന്ദര്‍ശനവേളയിലാണ് പദ്ധതിക്ക് അന്തിമ തീരുമാനമായതെന്നും ഉത്തരവിലുണ്ട്. അതേസമയം തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേകം വഴികള്‍, യാത്രക്കാര്‍ക്ക് സഹായകരമായ രീതിയില്‍ ഭക്ഷണ സംവിധാനം, ക്ലോക്ക്‌റൂമുകള്‍, കുടിവെള്ളം, എടിഎം, ഫാര്‍മസി സംവിധാനങ്ങള്‍ തുടങ്ങിയവ രണ്ടാംഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊതുഗതാഗത സംവിധാനം, നഗരവുമായി റെയില്‍വേ സ്റ്റേഷനെ ബന്ധിപ്പിക്കുന്ന സുഗമമായ വഴികള്‍ തുടങ്ങിയവയും രണ്ടാംഘട്ട പദ്ധതിയില്‍ ഉണ്ട്. നേരത്തെ റെയില്‍വേ വികസനത്തിന്റെ പിതൃത്വം ഏറ്റെടുത്ത് രംഗത്ത് വന്നിരുന്നു.