‘സംസ്ഥാനത്ത് നിലവില്‍ നടക്കുന്നത് ഗുണ്ടാപിരിവ്, സര്‍ക്കാര്‍ ദുരിത ബാധിതര്‍ക്ക് നല്‍കിയത് വാഗ്ദാനങ്ങള്‍ മാത്രം’; രൂക്ഷവിമര്‍ശനവുമായി ചെന്നിത്തല!

സംസ്ഥാനത്ത് നിലവില്‍ നടക്കുന്നത് ഗുണ്ടാപിരിവ് മാത്രമാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാര്‍ ഉത്തരവുകള്‍ ഇറക്കുന്നു,പിന്‍വലിക്കുന്നു. ഇതാണ് നിലവില്‍ ഇവിടെ നടക്കുന്നത്. സര്‍ക്കാരിന് എന്തൊക്കയോ ഒളിക്കാനും മറയ്ക്കാനുമുണ്ട്. അതു കൊണ്ടാണ് പ്രളയ ദുരിതാശ്വാസത്തിന് വേണ്ടി പ്രത്യേക അക്കൗണ്ട് ആരംഭിച്ച ശേഷം അത് പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

സര്‍ക്കാര്‍ ദുരിത ബാധിതര്‍ക്ക് പതിനായിരം രൂപ വീതം നല്‍കുമെന്ന് അറിയിച്ചിരുന്നു. ഇതിന്റെ വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നുമാണ് വ്യക്തമാക്കിയത്. ഇതു വരെ ആ വെബ്‌സൈറ്റ് എവിടെയെന്ന് ആര്‍ക്കും അറിയില്ല. കടങ്ങള്‍ക്ക് മോറിട്ടോറിയം പ്രഖ്യാപിക്കുമെന്ന വാഗ്ദാനവും പാലിച്ചിട്ടില്ല. വെബ്സൈറ്റില്‍ ദുരിതബാധിതര്‍ക്ക് പതിനായിരം രൂപ വീതം നല്‍കുന്നതിന്റെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ മടികാണിക്കുന്നത് ഇത് കാര്യക്ഷമായി നടക്കാത്തത് കൊണ്ടാണ്. അനര്‍ഹരായ പലരും ഈ പണം കൈപറ്റിയിട്ടുണ്ട്.

ദുരിത ബാധിതര്‍ ദുരിതാശ്വസ കേന്ദ്രങ്ങളില്‍ നിന്നും മടങ്ങുമ്പോള്‍ നല്‍കുമെന്ന അറിയിച്ച കിറ്റിന്റെ വിതരണവും അവതാളത്തിലാണ്. ഈ കിറ്റ് അര്‍ഹതയുള്ള വലിയ വിഭാഗം ജനങ്ങള്‍ക്കും ലഭിച്ചിട്ടില്ല. കിറ്റും ഏറിയ പങ്കും കൊണ്ടു പോയത് അനര്‍ഹരാണ്. കിറ്റില്‍ 22 വസ്തുക്കള്‍ ഉള്‍പ്പെടുമെന്നാണ് അറിയിച്ചിരുന്നത്. പക്ഷേ ആകെ ഉണ്ടായിരുന്നത് പത്ത് വസ്തുക്കള്‍ മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.