എന്തിനു ഭയക്കണം ട്രംപിനെ ? തായ്‌വാനുമായുളള ഫോണ്‍ സംഭാഷണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ചൈന

തങ്ങളുടെ അധീനതയിലുള്ള വിഘടിത പ്രദേശമായാണ് ചൈന കണക്കാക്കുന്ന തായ്‌വാന്‍ അമേരിക്കയുമായി അടുക്കുന്നത് കാലങ്ങളായി ചൈനക്ക് ഇഷ്ടമല്ല.

തായ്‌വാന്‍ എന്ന ദ്വീപ് രാജ്യത്തെ ചൈനീസ് ഭരണകൂടം തങ്ങളുടെ ഭാഗമായി നിര്‍ത്താനാണ് ശ്രമിക്കുന്നത്. ചൈനയുടെ ഈ നിലപാടിനെ തുടര്‍ന്ന് 1979 ല്‍ നയതന്ത്ര ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ അമേരിക്ക ചൈനക്ക് അനുകൂലമായി തായ്‌വാന്‍ വിഷയത്തില്‍ പ്രത്യേക നയം രൂപീകരിച്ചിരുന്നു. ഈ അമേരിക്കന്‍ നിലപാടില്‍ ട്രംപിന്റെ വരവോടെ മാറ്റം ഉണ്ടാകുമോ എന്നാണ് ചൈന ഭയക്കുന്നത്.

അമേരിക്ക കാലങ്ങളായി തുടരുന്ന നിലപാട് മാറ്റില്ലെന്നാണ് പ്രതീക്ഷയെന്ന് ചൈനീസ്‌ വിദേശ കാര്യമന്ത്രി പ്രതികരിക്കാന്‍ കാരണം ഇതാണ്. തായ്‌വാന്‍ പ്രസിഡന്റുമായുള്ള ട്രംപിന്റെ സംഭാഷണത്തെ രൂക്ഷമായി വിമര്‍ശിച്ച്  ചൈന രംഗത്ത് വന്നത് അന്താരാഷ്ട്ര തലത്തില്‍ ആശങ്കകള്‍ സൃഷ്ടിച്ചിരിക്കുന്നു.

37 വര്‍ഷങ്ങള്‍ക്ക് ശേഷം ചൈനയും തായ്‌വാനും പലവിഷയങ്ങളില്‍ സ്പര്‍ദ്ധ രൂക്ഷമായ സമയമാണിത്. ഈ സമയത്താണ് മുന്‍ നയതന്ത്ര നിലപാടില്‍ നിന്നും വ്യത്യസ്തമായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് തായ്‌വാന്‍ പ്രസിഡന്റുമായി 10 മിനിറ്റോളം സംസാരിച്ചത്.

ട്രംപും സായ് ഇങ് വെന്നും തെരഞ്ഞെടുപ്പ് വിജയത്തില്‍ പരസ്പരം അഭിനന്ദിച്ചെന്നാണ് വിശദീകരണം. വൈറ്റ് ഹൗസ് അറിയാതെയാണ് ട്രംപിന്റെ നടപടിയെന്നും വിമര്‍ശനമുണ്ട്.