കോഴിക്കോട് ജില്ലയില്‍ കോളറ സ്ഥിരീകരിച്ചു

കോഴിക്കോട് ജില്ലയില്‍ കോളറ സ്ഥിരീകരിച്ചു. കോര്‍പറേഷന്‍ പരിധിയിലെ എടക്കാട് സ്വദേശിയായ ശശിധരനാണ് കോളറ സ്ഥിരീകരിച്ചത്. വയറിളക്കം ബാധിച്ച് കഴിഞ്ഞ 16ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാള്‍ക്ക് മണിപ്പാലിലെ ലാബില്‍ നടത്തിയ മലപരിശോധനയിലാണ് കോളറ സ്ഥിരീകരിച്ചത്.

വിബ്രിയോ കോളറെ എന്ന ബാക്ടീരിയ മൂലം ചെറുകുടലിലുണ്ടാവുന്ന അണുബാധയാണ് കോളറ. ഭക്ഷണം, വെള്ളം, ഈച്ച തുടങ്ങിയവയിലൂടെയാണ് രോഗം പടരുന്നത്. വൃത്തിയില്ലാത്ത അന്തരീക്ഷത്തില്‍ കോളറ വ്യാപിക്കാനുള്ള സാധ്യത വളരെക്കൂടുതലാണ്. കോളറ ബാധിച്ചയാള്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ ഉപയോഗിക്കുന്നതും രോഗ വ്യാപനത്തിനു കാരണമാവുന്നുണ്ട്. ഏറെ നാള്‍ നീണ്ടുനില്‍ക്കുന്ന കഞ്ഞിവെള്ളത്തിന്റെ രൂപത്തിലുള്ള തുടര്‍ച്ചയായ മലവിസര്‍ജനം, ചര്‍ദി, ഓക്കാനം, തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. ഇതുകൂടാതെ പനി, ശക്തമായ വയറുവേദ എന്നിവയും വരാം. നിര്‍ജലീകരണം ബാധിച്ച് മരണം വരെ സംഭവിക്കാനിടയുണ്ട്.

പാലക്കാട്, മലപ്പുറം ജില്ലകളില്‍ കോളറ വ്യാപകമായതിനെ തുടര്‍ന്ന് കോഴിക്കോടും ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ആരോഗ്യവകുപ്പിന്റെയും ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ജില്ലയിലെ ഭക്ഷണശാലകളില്‍ പരിശോധന ശക്തമാക്കുകയും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.