ഒരുപാടുയരത്തില്‍ ഒരാള്‍പ്പൊക്കം

Sanalkumar1-EUJWW-RzPhsഒരാള്‍പ്പൊക്കത്തിലൂടെ മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡു നേടിയ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍‌ www.dnnewsonline.com , Entertainment editor അനൂപ്‌ പിള്ളയുമായി നടത്തിയ സംഭാഷണവും ചില വിലയിരുത്തലുകളും…

സിനിമയെന്നത് സ്വപ്നം കാണാന്‍ പറ്റാത്ത കുടുംബ പാശ്ചാത്തലമായിരുന്നു എന്റേത്. സിനിമയെന്ന മേഖലയില്‍ ആത്മവിശ്വാസവും കഴിവും മാത്രം പോര, ഒരുപാട് കാശും പിന്തുണയും വേണം. ഒരുപാട് പേരുടെ പിന്നാലെ തിരക്കഥകളുമായി നടന്നിട്ടുണ്ട്. ഒന്നും നടക്കാതായപ്പോഴാ ഷോര്‍ട്ട് ഫിലിമുകളൊക്കെ ചെയ്യാനാരംഭിച്ചത് എന്ന് സനല്‍ കുമാര്‍ ശശിധരന്‍…

മനസിലൊരു സ്ക്രിപ്റ്റ് ഉണ്ടായിരുന്നു. പലരെയും കാണിച്ചിട്ട് രക്ഷയില്ല. കാശൊന്നും ആരും തരില്ല. അപ്പോഴാണ് ജോണ്‍ എബ്രഹാമൊക്കെ ചെയ്തപോലെ നാട്ടുകാരില്‍നിന്ന് കാശ് പിരിച്ച് ചെയ്യാമെന്ന ആശയമുണ്ടായത്. അങ്ങനെ ഞാനും സുഹൃത്തുക്കളും ചേര്‍ന്ന് കാഴ്ച ഫിലിം സൊസൈറ്റിയുണ്ടാക്കുന്നതും നൂറു രൂപ വീതം ഉത്സവത്തിന് പിരിക്കുന്നതുപോലെ പിരിച്ച് സിനിമ ചെയ്യാനൊരുങ്ങിയത്. ആളുകള്‍ നന്നായിത്തന്നെ സംഭാവന ചെയ്തു. പക്ഷേ ആ സിനിമ വിചാരിച്ചത്ര നന്നായില്ല.

ഞാന്‍ ലോ കോളേജില്‍ പ‌ഠിക്കുകയായിരുന്നു. എനിക്ക് പ്രാക്ടീസ് ചെയ്യാന്‍ താത്പര്യമില്ലായിരുന്നു . അതുകൊണ്ട് ഞാന്‍ എന്‍‌റോള്‍ ചെയ്‍തില്ല. സിനിമയോടുള്ള താത്പര്യംകൊണ്ട് മണ്‍കോലങ്ങളെന്ന സിനിമയില്‍ ആര്‍ട്ട് അസിസ്റ്റന്റായി പോയി. എന്‍‌റോള്‍ ചെയ്യേണ്ട അവസാന ദിവസമായി. ആ സമയത്ത് എനിക്ക് ഒരു പ്രേമമുണ്ടായിരുന്നു. (ഇപ്പോള്‍ അവള്‍ എന്റെ ഭാര്യയാണ് കേട്ടോ …) വീട്ടുകാര്‍ വന്നു പ്രശ്‍നമുണ്ടാക്കി. ഇതൊക്കെ അറിഞ്ഞ ഡയറക്ടേഴ്സും ക്രൂവുമൊക്കെ എന്നെ ഓടിച്ചുവിട്ടു. ഞാന്‍ വന്ന് എന്‍‌റോള്‍ ചെയ്തു.

2012ല്‍ ഫ്രോഗ് ചെയ്തു. പ്രവാസജീവിതം നയിക്കുമ്പോളാണ് ഒരു ഹ്രസ്വചിത്രത്തിന്റെ തിരക്കഥയുമായി സുഹൃത്ത് സമീപിക്കുന്നത്. നാട്ടിലേക്ക് തിരിച്ചുപോകാന്‍ രണ്ടാമതൊന്ന് ആലോചിച്ചില്ല.അങ്ങനെയാണ് അത് സംഭവിച്ചത്.

ഇനി ഒരല്‍പം ” ഒരാള്‍ പൊക്കം” കാര്യങ്ങള്‍….

മഹേന്ദ്രൻ എന്ന കഥാപാത്രം ‘മായ’ എന്ന കഥാപാത്രത്തെ അന്വേഷിച്ച് സ്ഥലകാലങ്ങളിലൂടെ നടത്തുന്ന യാത്രയാണു സിനിമയുടെ ഇതിവൄത്തം. മഹേന്ദ്രന്റെ കാരക്ടർ സൈക്കോളജിയിലാണു ആഖ്യാനത്തിന്റെ താക്കോൽ. അതിൽത്തന്നെ അയാളുടെ ലൈംഗികതയ്‌‌ക്ക് അതീവപ്രാധാന്യമുണ്ട്. എന്നാലയാളുടെ ആക്ഷനുകൾക്കും ചിന്തകൾക്കും അനുഭവങ്ങൾക്കും യുക്തിസഹമായ ന്യായീകരണങ്ങൾ എപ്പോഴുമൊന്നും സിനിമ നൽകുന്നുമില്ല. ഹിമാലയത്തിലേക്കുള്ള യാത്രയിൽ ഒരു തോട്ടിലൂടെ അയാളുടെ ഷർട്ട് ഒഴുകി വരുന്ന രംഗം ഇതിനുദാഹരണമാണ്. മായയെ കണ്ടെത്തുക എന്നൊരു ഗോളിലാണു യാത്ര തുടങ്ങുന്നതെന്കിലും ക്രമേണ ആ കഥാപാത്രം ആ ലക്ഷ്യത്തിനുപുറത്തെത്തുകയും യാത്ര കുറെക്കൂടി ആത്മാന്വേഷണപരമാകുകയും ചെയ്യുന്നു. സിനിമയുടെ രണ്ടാംപകുതിയിൽ കൄത്യമായ ഒരു ലക്ഷ്യമില്ലാതെ ഒരു സിറ്റ്വേഷനിൽ നിന്നും മറ്റൊന്നിലേക്ക് കടന്നുപോകുക മാത്രമാണു മഹേന്ദ്രൻ ചെയ്യുന്നത്.

മായയുടെ തിരോധാനത്തിനു കാരണമാകുന്ന ഉരുൾപൊട്ടൽ/വെള്ളപ്പൊക്കം സമീപകാലത്ത് ഇന്ത്യയെ നടുക്കിയ ഒന്നായിരുന്നു. ഈ പ്രകൄതിദുരന്തത്തിന്റെ ഒറിജിനൽ ന്യൂസ് ഫൂട്ടേജുകൾ തന്നെയുപയോഗിച്ചുകൊണ്ടാണു ഈ സിനിമ റിയലിസത്തിനായി ശ്രമിക്കുന്നത്. മായ എന്ന സ്‌‌ത്രീ കഥാപാത്രം അപ്രത്യക്ഷമാകുന്നതുകൊണ്ട്, ഈ സിനിമ സ്ത്രീവിരുദ്ധമായ സിനിമയാണെന്നുമൊരു അഭിപ്രായങ്ങള്‍ ചിലയിടങ്ങളില്‍ വന്നിരുന്നു .ഒരാൾപ്പൊക്കം സ്‌‌ത്രീവിരുദ്ധസിനിമയാണെന്ന ലോജിക്കിൽ പല സിനിമകളിലും പുരുഷൻമാർ അപ്രത്യക്ഷരാകുന്നു എന്ന ഒറ്റക്കാരണം കൊണ്ട് പുരുഷവിരുദ്ധ സിനിമകളുമാകണമല്ലോ. ഒരാൾപ്പൊക്കം എന്ന സിനിമ പുരുഷയുക്തിയെയും പൌരുഷവുമായി ബന്ധപ്പെട്ട അഹന്കാരത്തെയും പ്രധാനപ്രമേയമായി അവതരിപ്പിക്കുന്നു എന്നതിനെ പരിശോധിച്ചാലും പലതിനെയും വെറും ആരോപണങ്ങള്‍ ആയിക്കണ്ട് തള്ളിക്കളയേണ്ടി വരും.

എന്തായാലും തീയറ്ററുകളില്‍ ആളുകള്‍ ഈ സിനിമയ്ക്കു ചെറുതല്ലാത്ത സ്വീകരണം നല്‍കുന്നത് നല്ല കാര്യമാണ്.ഇത്തരം സിനിമകള്‍ ഉണ്ടാകണം, പ്രേക്ഷകനിലേക്ക് എത്തണം..