പ്രളയക്കെടുതി: അധികമായി അനുവദിച്ച അരി സൗജന്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

പ്രളയക്കെടുതി കണക്കിലെടുത്ത് കേരളത്തിന് അധികമായി അനുവദിച്ച 89,540 ടണ്‍ അരി സൗജന്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു.

സംസ്ഥാനം നേരിട്ട ദുരന്തത്തിന്റെ തീവ്രത കണക്കിലെടുത്ത് ഇതിന്റെ വില എന്‍ഡിആര്‍എഫില്‍ നിന്ന് വെട്ടിക്കുറയ്ക്കരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

പ്രളയബാധിതരുടെ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ 1.18 ലക്ഷം ടണ്‍ അരി സംസ്ഥാനം സൗജന്യമായി ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് ഭക്ഷ്യപൊതുവിതരണ മന്ത്രാലയം 89,540 ടണ്‍ അരി അധികമായി അനുവദിച്ചു. തത്കാലം വില ഈടാക്കുന്നില്ലെങ്കിലും താങ്ങുവില (മിനിമം സപ്പോര്‍ട്ട് പ്രൈസ്) കണക്കാക്കി ഇതിന്റെ വില ദേശീയ ദുരന്തനിവാരണ ഫണ്ടില്‍ നിന്നോ ഭക്ഷ്യഭദ്രതാനിയമപ്രകാരം കേരളത്തിന് അനുവദിക്കുന്ന മറ്റ് പദ്ധതികളില്‍ നിന്നോ കുറയ്ക്കുമെന്നാണ് ഭക്ഷ്യപൊതുവിതരണ മന്ത്രാലയം അറിയിച്ചിട്ടുളളത്.

എന്‍ഡിആര്‍എഫില്‍ നിന്നും മറ്റ് പദ്ധതികളില്‍ നിന്നും ഇത് കുറയ്ക്കുന്നത് സംസ്ഥാനത്തിന് വലിയ പ്രയാസമുണ്ടാക്കും. ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും പ്രധാനമന്ത്രിക്കയച്ച കത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.