കേരളം പുനര്‍നിര്‍മിക്കാനുള്ള ഫണ്ട് ശേഖരിക്കാന്‍ മുഖ്യമന്ത്രി നാളെ യു.എ.ഇയിലേക്ക്

കേരളത്തെ പുനര്‍നിര്‍മിക്കാനുള്ള ഫണ്ടിനു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക്. നാളെ അബൂദബി, 19ന് ദുബായ്, 20ന് ഷാര്‍ജ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. നാളെ മുതല്‍ 22 വരെയാണ് മന്ത്രിമാരുടെ സന്ദര്‍ശനം തീരുമാനിച്ചിരുന്നത്. എന്നാല്‍, കേന്ദ്രം ഇതുവരെ അനുമതി നല്‍കാത്തതിനാല്‍ യാത്ര നീക്കിവെയ്ക്കുകയായിരുന്നു.

നാളെ രാവിലെ ഏഴിന് അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന മുഖ്യമന്ത്രിയെ എംബസി ഉദ്യോഗസ്ഥരും നോര്‍ക്കയുടെ പ്രതിനിധികളും ചേര്‍ന്ന് സ്വീകരിക്കും. വൈകിട്ട് 7.30ന് ദുസിത് താനി ഹോട്ടലില്‍ ഇന്ത്യന്‍ ബിസിനസ് പ്രൊഫഷണല്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തില്‍ അബുദാബിയിലെ അഞ്ഞൂറോളം വ്യവസായികളെ അഭിസംബോധന ചെയ്യും.

കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ പ്രവാസികളുടെ സഹകരണം തേടുന്ന മുഖ്യമന്ത്രി അനുയോജ്യമായ പദ്ധതികള്‍ മുന്നോട്ടുവെയ്ക്കും. വ്യാഴാഴ്ച രാത്രി എട്ടിന് അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്യും. കേരളത്തിന്റെ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും പ്രധാനമായും ഊന്നല്‍ നല്‍കുന്നതെങ്കിലും പൊതുവായ കാര്യങ്ങളും പ്രവാസികളുമായി പങ്കുവെയ്ക്കും.

Show More

Related Articles

Close
Close