മുഖ്യമന്ത്രിയുടെ ചുമതല ഔദ്യോഗികമായി കൈമാറില്ല, മന്ത്രിസഭയില്‍ ജയരാജന്‍ അദ്ധ്യക്ഷനാവും

മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോകുമ്പോള്‍ പകരം ചുമതല ആര്‍ക്കും ഔദ്യോഗികമായി കൈമാറിയേക്കില്ല.

എന്നാല്‍, മന്ത്രിസഭാ യോഗം അടുത്ത ആഴ്ച ചേരുമ്പോള്‍ അദ്ധ്യക്ഷത വഹിക്കാന്‍ മന്ത്രി ഇ.പി. ജയരാജനെ ചുമതലപ്പെടുത്തും. അതേസമയം, ദുരിതാശ്വാസ ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് ഒരാഴ്ച മന്ത്രിമാര്‍ ചുമതലയുള്ള ജില്ലകളില്‍ ആയിരിക്കുന്ന സാഹചര്യത്തില്‍ ഈ ആഴ്ച മന്ത്രിസഭ ചേരില്ല.

ചികിത്സയിലായിരിക്കുമെങ്കിലും ഇ ഫയല്‍ സംവിധാനം വഴി ഔദ്യോഗിക ഫയലുകള്‍ മുഖ്യമന്ത്രി അമേരിക്കയില്‍ ഇരുന്നു ഒപ്പിടും. അമേരിക്കയിലെ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും ശേഷം 17നു മുഖ്യമന്ത്രി മടങ്ങിയെത്തും.

ശനിയാഴ്ച ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവത്തെ സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്കു ചികിത്സയ്ക്കായി പോകുന്ന വിവരം അറിയിച്ചിട്ടുണ്ട്.