സൂര്യകാന്തി എണ്ണയും പഞ്ചസാരയും കയറ്റുമതി ചെയ്ത പണമാണോ ആ 55 കോടി ?

സംസ്ഥാനത്ത് 55 കോടി രൂപയുടെ കള്ളപ്പണം എത്തിയെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ എറണാകുളം ജില്ലയിലെ എളമക്കര സ്വദേശി ജോസ് ജോര്‍ജിനെതിരെ കേസെടുത്തു.

ബള്‍ഗേറിയയിലെ സ്വസ്ഥ ഡി എന്ന കമ്പനിയുടെ പേരില്‍ കൊച്ചിയിലെ എസ്‌ബിഐയുടെ ബാങ്കിലേക്കാണ് പണം എത്തിയത്. ഇക്കഴിഞ്ഞ ജൂലൈ മാസത്തിലായിരുന്നു പണം എത്തിയത്. പണം എത്തി പതിനാല് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 29.5 കോടി രൂപ ജോസ് ജോര്‍ജ് പിന്‍‌വലിച്ചു. തന്റെ കുടുംബാംഗങ്ങളുടെയും മറ്റ് ബന്ധുക്കളുടെയും പേരിലാണ് ജോസ് പണം പിന്‍‌വലിച്ചത്. ഈ സമയത്ത് എസ്‌ബിഐയുടെ ഓവര്‍സീസ് ബാങ്കിന് തോന്നിയ ചില സംശയങ്ങളാണ് ഇത് കള്ളപ്പണം വെളുപ്പിക്കാലാണെന്ന സംശയത്തിന് ഇടനല്‍കിയത്.

സൂര്യകാന്തി എണ്ണയും പഞ്ചസാരയും കയറ്റുമതി ചെയ്തതിന് കിട്ടിയ പണമാണ് ഇതെന്നായിരുന്നു ജോസ് ജോര്‍ജ് ബാങ്ക് അധികൃതരോട് പറഞ്ഞത്. ഇതിനൊപ്പം ജോസ് ജോര്‍ജ് കൈമാറിയ  രേഖകള്‍ വിശദമായി പരിശോധിച്ച കൊച്ചി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ഇത്തരത്തിലൊരു കയറ്റുമതി നടന്നതായി കണ്ടെത്താനായില്ല.

എന്നാല്‍ തന്റെ അക്കൗണ്ടിലേക്ക് ബള്‍ഗേറിയയില്‍ നിന്ന് എത്തിയത് കള്ളപ്പണമല്ലെന്നും കയറ്റുമതിയ്ക്കുള്ള തുക തന്നെയാണ് അക്കൗണ്ടിലേക്ക് എത്തിയതെന്നാണ് ജോസ് പറയുന്നത്. അന്വേഷണ ഏജന്‍സികള്‍ തന്നോട് പകതീര്‍ക്കുകയാണെന്നും ജോസ് കൂട്ടിച്ചേര്‍ത്തു.