കേരള കോണ്‍ഗ്രസ് പിളര്‍ന്നു

Flag_of_the_Indian_National_Congress.svgകേരള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വീണ്ടും പിളര്‍പ്പ്. കേരള കോണ്‍ഗ്രസ്(എം)പാര്‍ട്ടി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ. കെ.സി. ജോസഫ്, ജനറല്‍ സെക്രട്ടറിമാരായ കെ.ഫ്രാന്‍സിസ് ജോര്‍ജ്, ആന്റണി രാജു എന്നിവരാണ് പാര്‍ട്ടിവിട്ടത്. മൂവരും പാര്‍ട്ടി ഉന്നതാധികാര സമിതി അംഗങ്ങളാണ്. ഇടതുമുന്നണിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനാണ് വിമതരുടെ തീരുമാനം. കോണ്‍ഗ്രസ് ജെ പുനരുജ്ജീവിപ്പിച്ച് ജനാധിപത്യ മതേതര പ്രസ്ഥാനങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നു മൂവരും സംയുക്ത വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പാര്‍ട്ടിവിട്ട സംസ്ഥാന സമിതി അംഗങ്ങളുടെ യോഗം ഒമ്പതിന് തിരുവനന്തപുരത്ത് ചേര്‍ന്ന് ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും ആന്റണി രാജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മാണിയും ജോസ് കെ. മാണിയും ഏകപക്ഷീയമായി പ്രവര്‍ത്തിക്കുകയാണ്. ജനാധിപത്യരീതികളെ തകിടം മറിക്കുന്ന കുടുംബവാഴ്ചയാണ് പാര്‍ട്ടിയില്‍. രാഷ്ട്രീയമായോ ഭരണപരവുമായോ ഒരു കഴിവുമില്ലാത്ത ജോസ് കെ. മാണിക്കുവേണ്ടി കഴിവുറ്റ ചെറുപ്പക്കാരെയും തഴക്കവും പഴക്കവുമുള്ള നേതാക്കളെയും കെ.എം. മാണി അകറ്റി നിര്‍ത്തുകയാണ്. മക്കള്‍ രാഷ്ട്രീയത്തിനും കുടുംബവാഴ്ചയ്ക്കും വഴിയൊരുക്കുന്ന മാണിയുമായി സന്ധി ചെയ്യാനാകില്ല. സംഘടനാ തെരഞ്ഞെടുപ്പ് നടത്താതെ കെ.എം. മാണി പാര്‍ട്ടിയെ ഭരണഘടനാ പ്രതിസന്ധിയിലാക്കിയെന്നും ആന്റണി രാജു ആരോപിച്ചു. മുന്നണി വിട്ടതോടെ ഫ്രാന്‍സിസ് ജോര്‍ജ്ജ് കേരളാ ഫീഡ്‌സ് ചെയര്‍മാന്‍ സ്ഥാനവും ട്രാവന്‍കൂര്‍ സിമന്റ്‌സ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് ആന്റണി രാജുവും രാജി വച്ചു.