എല്‍ഡിഎഫ് വിപുലീകരണ പ്രമേയം സിപിഐ തിരുത്തി

സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയം സിപിഐ തിരുത്തി. എല്‍ഡിഎഫ് വിപുലീകരണം സംബന്ധിച്ച പ്രമേയമാണ് പാര്‍ട്ടി നേതൃത്വം ഇടപെട്ടു തിരുത്തിയത്. വിപുലീകരണം എന്ന പ്രയോഗം ദുര്‍വ്യാഖ്യാനത്തിന് ഇടയാക്കുമെന്ന വാദത്തെ തുടര്‍ന്നാണു നീക്കം. ജെഡിയു, ആര്‍എസ്പി എന്നിവയെ ഉള്‍പ്പെടുത്തണമെന്നാക്കിയാണ് റിപ്പോര്‍ട്ട് മാറ്റിയത്. അതേസമയം സമ്മേളന റിപ്പോര്‍ട്ടുകള്‍ ചോര്‍ന്നതില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അതൃപ്തി അറിയിച്ചു. കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയവര്‍ മലര്‍ന്നുകിടന്നു തുപ്പുകയാണെന്നു കാനം വിമര്‍ശിച്ചു. സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോര്‍ട്ടിനുള്ള മറുപടിയിലാണ് സംസ്ഥാന സെക്രട്ടറി വിമര്‍ശനമുന്നയിച്ചത്.

കെ.ഇ.ഇസ്മയിലിനെതിരായ കണ്‍ട്രോള്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചിട്ടില്ലെന്ന് സിപിഐ നേതൃത്വം വ്യക്തമാക്കി. ശനിയാഴ്ച വൈകിട്ടാണ് സംസ്ഥാന സമ്മേളനത്തില്‍ കണ്‍ട്രോള്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വരുന്നത്. ഇസ്മയില്‍ പാര്‍ട്ടിക്ക് പരാതി നല്‍കിയിട്ടില്ലെന്ന് സംഘാടക സമിതി ചെയര്‍മാന്‍ കെ.പി.രാജേന്ദ്രന്‍ അവകാശപ്പെട്ടു. ദേശീയനേതൃത്വത്തിനു നല്‍കുന്ന പരാതികള്‍ സംസ്ഥാനഘടകം അറിയണമെന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.