യച്ചൂരിയുടെ കരട് രേഖ പിബി തള്ളി; കോണ്‍ഗ്രസുമായി രാഷ്ട്രീയ ധാരണ പോലും വേണ്ടെന്ന് പിബിയില്‍ ഭൂരിപക്ഷം

കോണ്‍ഗ്രസുമായി രാഷ്ട്രീയ ധാരണ പോലും വേണ്ടെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോയില്‍ ധാരണ. ഇതുസംബന്ധിച്ച പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ കരട് രേഖ പൊളിറ്റ് ബ്യൂറോ തള്ളി.

പാര്‍ട്ടി കോണ്‍ഗ്രസിലെ രാഷ്ട്രീയ പ്രമേയത്തിന് വേണ്ടിയാണ് കരട് രേഖ തയാറാക്കിയത്. യച്ചൂരിയുടേയും കാരാട്ടിന്റെയും നിലപാടുകള്‍ കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യും. കോണ്‍ഗ്രസുമായി പ്രത്യക്ഷത്തിൽ ധാരണ പോലും വേണ്ടന്ന പ്രകാശ് കാരാട്ടിന്റെ നിലപാടിനാണ് പിബിയിൽ കൂടുതൽ പിന്തുണ ലഭിച്ചത്. വ്യത്യസ്ത അഭിപ്രായമുയർന്നതോടെ ഇരുവരുടെയും നിലപാടുകൾ കേന്ദ്രകമ്മിറ്റിയിൽ ചർച്ചയാകും.

അടുത്ത പാർട്ടി കോൺഗ്രസ് പരിഗണിക്കാനുള്ള കരട് രാഷ്‌ട്രീയ പ്രമേയമായി യച്ചൂരി തയാറാക്കിയ രേഖയും പ്രകാശ് കാരാട്ടും എസ്.രാമചന്ദ്രൻപിള്ളയും ചേർന്നു തയാറാക്കിയ ബദൽ രേഖയുമാണു പിബി പരിഗണിച്ചത്. ബൂർഷ്വാ – ഭൂവുടമ പാർട്ടികളോടു മുന്നണിയായും സഖ്യമായും സഹകരിക്കാതെ ഉചിതമായ തെരഞ്ഞെടുപ്പ് അടവുനയം വേണമെന്നാണ് യച്ചൂരിയുടെ നിലപാട്.

കോണ്‍ഗ്രസ് സഹകരണം എന്ന് നേരിട്ട് പറഞ്ഞില്ലെങ്കിലും ബിജെപിയെ തറപറ്റിക്കാന്‍ മതേതര ചേരി വേണമെന്നാണ് സീതാറാം യച്ചൂരി ഇതുവരെ സ്വീകരിച്ചിരുന്ന നിലപാട്. എന്നാല്‍ ബിജെപിയാണ് മുഖ്യശത്രുവെങ്കിലും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ബൂര്‍ഷ്വാ പാര്‍ട്ടികളുമായി സഖ്യമോ, സഹകരണമോ വേണ്ടെന്നാണ് കാരാട്ട് പക്ഷം പറയുന്നത്.

തര്‍ക്കം തുടര്‍ന്നതോടെ യച്ചൂരി നിലപാട് മയപ്പെടുത്തി. ബൂര്‍ഷ്വാ പാര്‍ട്ടിയുമായി സഖ്യമോ, മുന്നണിയോ വേണ്ടെന്നാണ് പുതിയ നിലപാട്. അതേസമയം, ബിജെപിയെ തോല്‍പ്പിക്കാന്‍ സാഹചര്യങ്ങള്‍ക്കും സമയത്തിനും അനുസരിച്ച് തെരഞ്ഞെടുപ്പ് അടവുനയങ്ങള്‍ രൂപീകരിക്കാമെന്നും യച്ചൂരിയുടെ പുതിയ രേഖയില്‍ പറയുന്നു. അതായത് സംസ്ഥാനങ്ങള്‍ക്ക് അനുസരിച്ച് നീക്കുപോക്കുകളാകാം.