യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ആര്‍ മഹേഷ് പാര്‍ട്ടിവിട്ടു

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍. മഹേഷ് പാര്‍ട്ടി വിട്ടു. തല്‍ക്കാലം മറ്റു പാര്‍ട്ടികളിലേക്കില്ല. രാഷ്ട്രീയം വിടുകയാണ് മറ്റു തൊഴില്‍ ചെയ്തു ജീവിക്കുമെന്നും മഹേഷ് വ്യക്തമാക്കി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്ഥാനമൊഴിയണമെന്ന പ്രസ്താവനയ്ക്കു പിന്നാലെയാണു മഹേഷിന്റെ രാജി. കൊല്ലത്തെ യുവനേതാക്കളില്‍ പ്രമുഖനായിരുന്നു മഹേഷ്.

രാഷ്ട്രീയ പ്രവര്‍ത്തനം തന്നെ വിടുകയാണ്. കാര്യങ്ങള്‍ ചീഞ്ഞു നാറുകയാണ്. ഇനിയും രാഷ്ട്രീയത്തില്‍ തുടരാന്‍ സാധിക്കില്ല. രാഷ്ട്രീയത്തില്‍ നിന്നും ഒന്നും ഉണ്ടാക്കിയിട്ടില്ല ഒന്നും ഉണ്ടാക്കണമെന്നും ആഗ്രഹിച്ചിട്ടില്ല. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇനിയും ഇടപെടുമെന്നും മഹേഷ് പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുതരംഗം ഉണ്ടായപ്പോഴും കരുനാഗപ്പള്ളിയില്‍ നേരിയ വോട്ടുകള്‍ക്കാണ് സി.ആര്‍. മഹേഷ് തോറ്റത്.

പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കാന്‍ കഴിയില്ലെങ്കില്‍ രാഹുല്‍ ഗാന്ധി സ്ഥാനം ഒഴിയണമെന്നായിരുന്നു മഹേഷിന്റെ പ്രതികരണം. ഇതിനെതിരെ ചില കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. നേരത്തെയും പാര്‍ട്ടിയുടെ കേന്ദ്ര–സംസ്ഥാന നേതൃത്വത്തിനെതിരെ മഹേഷ് രംഗത്തെത്തിയിരുന്നു. കെഎസ്‌യു വളര്‍ത്തി വലുതാക്കിയ എ.കെ.ആന്റണി ഡല്‍ഹിയില്‍ മൗനിബാബയായി തുടരുകയാണ്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് രാജ്യത്ത് മരിക്കാതിരിക്കാന്‍ ഞങ്ങള്‍ മരിക്കാനും തയ്യാറാണ്.

പക്ഷേ, ഇനിയും ഈ സ്ഥിരം സെറ്റില്‍മെന്റ് രാഷ്ട്രീയം, ഗ്രൂപ്പ് കളി, തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ കാല് വാരല്‍, അഴിമതി, അവിഹിത ധനസമ്പാദനം, പ്രത്യയശാസ്ത്ര പരമായ പാപ്പരത്വം, വിഴുപ്പലക്കല്‍ എന്നിങ്ങനെയുള്ള സ്ഥിരം നിര്‍ഗുണങ്ങളുമായി മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും മഹേഷ് പറഞ്ഞിരുന്നു.