പഴയ നോട്ടുകള്‍ 24 വരെ ഉപയോഗിക്കാം

500,1000 രൂപാ നോട്ടുകള്‍ നവംബര്‍ 24 വരെ അവശ്യസേവനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നീട്ടി നല്‍കി. റെയില്‍വേ ടിക്കറ്റ്, ആശുപത്രി, മറ്റു അടിയന്തര സേവനങ്ങള്‍ എന്നിവയ്ക്ക് പഴയ നോട്ടുകള്‍ ഉപയോഗിക്കാം.

നവംബര്‍ 21 വരെ രാജ്യത്തെ വിമാനത്താവളങ്ങളില്‍ പാര്‍ക്കിങ് ഫീസ് ഈടാക്കില്ലെന്ന് കേന്ദ്രവ്യോമയാനമന്ത്രാലയം അറിയിച്ചു.

ഓണ്‍ലൈന്‍ പേമെന്റുകള്‍ക്ക് ബാങ്കുകളും സര്‍ക്കാര്‍ വകുപ്പുകളും ഈടാക്കിയ സര്‍ച്ചാര്‍ജ്ജുകള്‍ ഡിസംബര്‍ 31 വരെ മരവിപ്പിച്ചിട്ടുണ്ട്.

രാജ്യത്തെ 1.3 ലക്ഷം പോസ്റ്റ് ഓഫീസുകളില്‍ കൂടുതല്‍ പണമെത്തിക്കാനും ഉന്നതതലയോഗത്തില്‍ തീരുമാനിച്ചു. തുക മാറ്റിയെടുക്കാനും പോസ്റ്റല്‍ അക്കൗണ്ടുകളില്‍നിന്നും പണം പിന്‍വലിക്കാനും ഇതുവഴി സാധിക്കും.

വടക്കേന്ത്യയിലെ ഗ്രാമീണ മേഖലകളിലെ ബാങ്കിംഗ് പ്രതിനിധികളായി പ്രവര്‍ത്തിക്കുന്ന ബി.സി (ബാങ്കിങ് കറസ്‌പോണ്ടന്റ്)മാര്‍ക്ക് 50,000 രൂപ വരെ ക്രയവിക്രയം ചെയ്യാനും അനുമതി നല്‍കി.

ഉള്‍നാടന്‍ ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് ബാങ്ക് ശാഖകളില്‍ പോകാതെ അവരുടെ വീടുകളിലെത്തുന്ന ബിസിമാരില്‍ നിന്നും പണം പിന്‍വലിക്കാന്‍ സാധിക്കും. രാജ്യത്തെമ്പാടും 1.2 ലക്ഷം ബിസിമാരാണുള്ളത്.

പുതിയ 2000, 500 നോട്ടുകള്‍ക്കായി എടിഎമ്മുകളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ അതിവേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ ദൗത്യസംഘം രൂപീകരിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.റിസര്‍വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണ്ണര്‍ എസ്.എസ് മുന്ദ്രയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘമാണ് എടിഎമ്മുകളിലെ മാറ്റങ്ങള്‍ക്കായി രംഗത്തുള്ളത്.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ വരെ നീണ്ട ഉന്നതതല യോഗത്തിലാണ് നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ തീരുമാനിച്ചത്.