മരണകാരണം തലയ്‌ക്കേറ്റ പരിക്കെന്ന് ഐജി; ‘അന്വേഷണം മനുഷ്യാവകാശ കമ്മീഷന്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച്‌’

CC
മരങ്ങാട്ടുപ്പള്ളി സ്വദേശി സിബി പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ മരണകാരണം തലയ്‌ക്കേറ്റ പരിക്കെന്ന് ഐജി എംആര്‍ അജിത്കുമാര്‍. അന്വേഷണം പൂര്‍ണ്ണമായും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചു തന്നെയായിരിക്കുമെന്നും ഇന്‍ക്വസ്റ്റും പോസ്റ്റുമാര്‍ട്ടവും നടത്തിയ ശേഷമേ മരണകാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്നും അദ്ദേഹം പറഞ്ഞു.

മരിച്ച സിബിയുടെ മൃതദേഹം ഇന്ന് പതിനൊന്ന് മണിയോടെ പോസ്റ്റ് മോര്‍ട്ടം നടത്തി ബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷമായിരിക്കും പോസ്റ്റ്‌മോര്‍ട്ടം. ആര്‍ഡിഒയും മജിസ്‌ട്രേറ്റും ഇന്‍ക്വസ്റ്റ് നടപടികള്‍ നിരീക്ഷിക്കും. ദേശീയമനുഷ്യവകാശ കമ്മീഷന്റെ മാനദണ്ഡങ്ങള്‍ പ്രകാരം പൊലീസിനെ പൂര്‍ണ്ണമായും ഇന്‍ക്വസ്റ്റ് നടപടികളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വിവാദ സംഭവമായതിനാല്‍ ഫോറന്‍സിക് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാകും പോസ്റ്റുമാര്‍ട്ടം നടത്തുക. തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മരങ്ങാട്ടുപള്ളിയില്‍ കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.കൂടാതെ ഇന്‍ക്വസ്റ്റ് നടപടികള്‍ പിആര്‍ഡി ഫോട്ടോഗ്രാഫര്‍ വീഡിയോയില്‍ ചിത്രീകരിക്കും.

സിബിയുടെ മരണം പൊലീസ് മര്‍ദ്ദനം കൊണ്ട് അല്ലെന്നും പൊലീസ് കസ്റ്റഡിയില്‍ എത്തുന്നതിന് മുന്‍പ് ഇയാള്‍ക്ക് പരുക്കേറ്റിരുന്നെന്നുമാണ് പൊലീസ് നിലപാട്. സമാനമായ നിലപാട് തന്നെയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും സ്വീകരിച്ചിരുന്നത്. പൊലീസ് കസ്റ്റഡിയില്‍ എടുത്തശേഷം വിട്ടയച്ച സിബിയ്ക്ക് ഗുരുതരമായ പരുക്കുകളുണ്ടായിരുന്നു. സംഭവത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ മരങ്ങാട്ടുപള്ളി മുന്‍ എസ്‌ഐ കെ. എ. ജോര്‍ജുകുട്ടി സസ്‌പെന്‍ഷനിലാണ്.കൊല്ലപ്പെട്ട മരങ്ങാട്ടുപ്പള്ളി സ്വദേശി സിബിയുടെ അയല്‍വാസിയായ 17കാരനെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസ് എടുത്തിട്ടുണ്ട്. സിബിയും 17കാരനും തമ്മില്‍ വഴക്കുണ്ടായിരുന്നെന്നും ഇവര്‍ തമ്മിലുള്ള സംഘടനത്തില്‍ പരുക്കേറ്റത് കൊണ്ടാണ് സിബി കൊല്ലപ്പെട്ടതെന്നുമാണ് പൊലീസിന്റെ നിലപാട്.