പ്രതിരോധവുമായി മുഖ്യമന്ത്രി

oomen

സോളാര്‍ കേസില്‍ ജുഡീഷ്യല്‍ കമ്മിഷനു മുന്നില്‍ സരിത എസ്. നായര്‍ നല്‍കിയ മൊഴിയില്‍ സ്വയം പ്രതിരോധം തീര്‍ത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തനിക്കെതിരായ ആരോപണങ്ങള്‍ക്കു പിന്നില്‍ മദ്യമുതലാളിമാരും പി.സി ജോര്‍ജുമാണ്. അതുപോലെ തന്നെ ഇത്തവണയും സംഭവിക്കും. സരിതയുടെ ആരോപണങ്ങള്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമാണ്.

ഇതിനു സര്‍ക്കാരിന്റെ പക്കല്‍ തെളിവുകളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.ആരോപണത്തിനു പിന്നില്‍ മുന്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിന് പങ്കുണ്ടോയെന്ന ചോദ്യത്തോട് ചിരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ഇതിനപ്പുറമുള്ള ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. വരട്ടെ, അതെല്ലാം നേരിടാന്‍ താന്‍ തയ്യാറാണെന്നും പറഞ്ഞ മുഖ്യമന്ത്രി കൂടുതല്‍ ചോദ്യങ്ങള്‍ക്ക് നില്‍ക്കാതെ തിരക്കിട്ട് നടന്നുനീങ്ങി. മദ്യനയം സംബന്ധിച്ച കേസില്‍ തോറ്റതിലുള്ള വൈരാഗ്യമാണ് മദ്യമുതലാളിമാര്‍ക്ക്.

യു.ഡി.എഫ് സര്‍ക്കാരിനെ അട്ടിമറിക്കാമെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ തകര്‍ക്കാമെന്നുമാണ് ഇവരുടെ പ്രതീക്ഷ. ഇതിനു സി.പി.എം കൂട്ടുനില്‍ക്കുന്നു. നേരത്തെ ബിജു രമേശിന്റെ പിറകേ പോയി സി.പി.എം നാണംകെട്ടു.രണ്ടാഴ്ച മുന്‍പ് വരെ താന്‍ പിതൃതുല്യനെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ മൊഴിമാറ്റുന്നത് മദ്യമുതലാളിമാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ്. ഇവര്‍ സി.പി.എമ്മിനെതിരെ ഇന്ത്യാ ടുഡേയില്‍ നടത്തിയ ആരോപണം എല്ലാവര്‍ക്കുമറിയാം. ഓരോ സമയത്തും ഓരോ ആരോപണം ഉന്നയിക്കുന്നവരാണ് ആ സ്ത്രീയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.