പുണെയെ തകർത്ത് ഡൽഹി ഡൈനാമോസിന്റെ പടയോട്ടം

delhi-vs-pune
ഐഎസ്എൽ ഫുട്ബോളിൽ പുണെ സിറ്റിക്കെതിരെ ഡൽഹി ഡൈനാമോസിനു ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഡൽഹി പുണെയെ തോൽപ്പിച്ചത്. ലോകകപ്പ് യോഗ്യതാ മൽസരങ്ങൾക്കായി ദേശീയ ടീമിനൊപ്പമായിരുന്ന റോബിൻ സിങ്ങിന്റെ (24) വകയായിരുന്നു ഡൽഹിയുടെ ആദ്യ ഗോൾ. ഗാഡ്സെ രണ്ടാം ഗോൾ നേടിയപ്പോള്‍ യൂച്ചെയുടെ വകയായിരുന്നു പുണെയുടെ ആശ്വാസഗോൾ. സീസണിൽ പുണെയുടെ ആദ്യ പരാജയമാണിത്.

അതിനിടെ, അധിക സമയമായി അനുവദിച്ചത് ഏഴു മിനിറ്റാണെന്നിരിക്കെ എട്ടാം മിനിറ്റിലേക്ക് കളി നീട്ടിയ ഒഫീഷ്യലുകൾക്കെതിരെ റോബർട്ടോ കാര്‍ലോസ് രോഷാകുലനാകുന്നതിനും സ്റ്റേ‍ഡിയം സാക്ഷിയായി. ഈ അധിക മിനിറ്റിലായിരുന്നു പുണെ അവരുടെ ഏക ഗോൾ നേടിയത്.

ജയത്തോടെ 6 പോയിന്റുമായി ഡൽഹി പോയിന്റു പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി. ആദ്യ രണ്ടു കളികളിലും വിജയം നേടിയ പുണെ രണ്ടാമതുണ്ട്. ഇരു ടീമുകൾക്കും ആറു പോയിന്റാണെങ്കിലും മികച്ച ഗോൾ ശരാശരിയിൽ ഡൽഹിയെ പിന്തള്ളിയാണ് പുണെ രണ്ടാമതെത്തിയത്. രണ്ടു ജയവും ഒരു സമനിലയുമടക്കം ഏഴു പോയിന്റുള്ള കൊൽക്കത്തയാണ് പട്ടികയിൽ മുന്നിൽ. നാലു പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്താണ്.