ഡിഎംകെ ഹിറ്റ്‌ലര്‍ പാര്‍ട്ടി, തമിഴ്‌നാടിനെ രക്ഷിക്കാനാവുക ദിനകരന്; സുബ്രഹ്മണ്യന്‍ സ്വാമി

ജയലളിതയുടെ മണ്ഡലമായിരുന്ന ആര്‍.കെ.നഗറില്‍ വ്യാഴാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പില്‍  ടിടിവി ദിനകരനാണ് വിജയിക്കേണ്ടതെന്ന് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. വ്യാഴാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി കരുനാഗരാജ് അടക്കമുള്ളവര്‍ മത്സരിക്കുന്നുണ്ട്എന്നിരിക്കെയാണ് ദിനകരന് പരസ്യ പിന്തുണയുമായി സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തിയിരിക്കുന്നത്.

ഡിഎംകെ ഒരു ഹിറ്റ്‌ലര്‍ പാര്‍ട്ടിയാണ്. തമിഴ് ജനതയെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നും അഴിമതിയില്‍ നിന്നും സ്വതന്ത്രരാക്കാന്‍ ഡിഎംകെയെ ഇല്ലാതാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദിനകരന്റെ സ്ഥാനാര്‍ത്ഥിത്വം സ്റ്റാലിനേയും ഡിഎംകെയേയും ഒരു പാഠം പഠിപ്പിക്കും. ദിനകരനും ഡിഎംകെയും തമ്മിലാണ് ആര്‍.കെ.നഗറില്‍ മുഖ്യ മത്സരമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇപിഎസും ഒപിഎസും തമ്മിലുള്ള കലഹംമൂലം ഭരണകക്ഷിയായ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിക്ക് ഇവര്‍ക്കൊപ്പമെത്താനാകില്ലെന്നും സ്വാമി പറഞ്ഞു.

ഇ.പളനിസ്വാമിക്കും ഒ.പനീര്‍ശേല്‍വത്തിനും പാര്‍ട്ടിയെ നയിക്കാനോ സംസ്ഥാനത്തിന് വേണ്ടി എന്തെങ്കിലും നല്ലത് ചെയ്യാനോ സാധിക്കില്ല. രണ്ടു പേരും പ്രാപ്തിയില്ലാത്തവരാണ്. അവരുടെ പിന്നില്‍ അണിനിരക്കാന്‍ ആളെകിട്ടില്ല. ദിനകരന്റെ പിന്നിലാണ് ഭൂരിപക്ഷം പേരുമുള്ളത്. നിലവില്‍ ഡിഎംകെയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ദിനകരനേ സാധിക്കൂ. ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തിലാണ് സുബ്രപ്മണ്യന്‍ സ്വാമി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Show More

Related Articles

Close
Close