തെരുവുനായ്ക്കളുടെ കടിയേറ്റ് വൃദ്ധ മരിച്ചു

തലസ്ഥാനത്തെ ഭീതിയിലാഴ്ത്തി വീണ്ടും തെരുവുനായ ആക്രമണം. തെരുവുനായയുടെ കടിയേറ്റ് വീട്ടമ്മ മരിച്ചു. പുല്ലുവിള സ്വദേശി സിലുവമ്മയാണ് മരിച്ചത്. ഇവരുടെ കൈകാലുകള്‍ നായ്ക്കള്‍ കടിച്ചുതിന്ന നിലയിലായിരുന്നു. വീട്ടമ്മയുടെ മരണം ശേഷവും പുല്ലുവിളയില്‍ വീണ്ടും തെരുവുനായ ആക്രമണം. പുല്ലുവിള സ്വദേശി ഡെയ്‌സിക്കു ഗുരുതര പരുക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ കടപ്പുറത്തേക്കു പോയ അമ്മയെ കാണാതായതിനെ തുടര്‍ന്നായിരുന്നു മകന്‍ സെല്‍വരാജ് അന്വേഷണം തുടങ്ങിയത്. കടപ്പുറത്ത് നായകൂട്ടം എന്തോ കടിച്ചു വലിക്കുന്നതു കണ്ട് സെല്‍വരാജ് അടുത്തുപോയി നോക്കിയപ്പോഴാണ് ചോരയില്‍ കുളിച്ച നിലയില്‍ അമ്മയെ കണ്ടത്. സെല്‍വരാജിനെയും നായ്ക്കൂട്ടം ആക്രമിച്ചു. സിലുവമ്മയെ ഉടന്‍ ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ ശ്രമിച്ചങ്കിലും മരിച്ചു. നൂറോളം വരുന്ന നായകൂട്ടമാണ് വീട്ടമ്മയെ ആക്രമിച്ചതെന്ന് സെല്‍വരാജ് പറഞ്ഞു.