ഉത്തര കൊറിയയുടെ ഭീഷണിയും ,അമേരിക്കയുടെ തയ്യാറെടുപ്പും

ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഏതു നിമിഷവും വിക്ഷേപിക്കുമെന്ന് അമേരിക്കയക്ക് ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കിയത് ലോകരാജ്യങ്ങള്‍ക്കിടയില്‍ ആശങ്ക വര്‍ദ്ധിപ്പിച്ചു. ഈ നീക്കം മേഖലയിലെന്നല്ല ,ലോകത്താകമാനം സമാധാനത്തിന് വെല്ലുവിളിയാണെന്ന് ദക്ഷിണ കൊറിയ കുറ്റപ്പെടുത്തി. ഉത്തരകൊറിയക്കു മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണെമെന്ന് ദക്ഷിണ കൊറിയ ആവശ്യപ്പെട്ടു.

അമേരിക്കയുടെ വിദ്വേഷപരമായ നയങ്ങളാണ് കൂടൂതല്‍ ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും മിസൈലിന്റെ നിര്‍മ്മാണം പൂര്‍ത്തിയായെന്നും പരീക്ഷണ വിക്ഷേപണത്തിനുള്ള പ്രസിഡന്റിന്റെ ഉത്തരവിനായി കാത്തിരിക്കുകയാണെന്നും ഉത്തര കൊറിയന്‍ വിദേശകാര്യ വക്താവ് പറഞ്ഞു.

ഇതിനിടെ വന്‍ ശക്തികളെന്ന് അവകാശപ്പെടുന്ന ഒരു സൈന്യത്തിനും ഉത്തര കൊറിയയെ ആക്രമിക്കാന്‍ സാധിക്കില്ലെന്നും ഈ വര്‍ഷം വന്‍ ആണവ ശക്തിയായി ഉയരുമെന്നും , ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് വെല്ലുവിളിക്കുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം ഉത്തര കൊറിയ രണ്ട് ആണവ പരീക്ഷണങ്ങള്‍ നടത്തുകയും നിരവധി മിസൈലുകള്‍ പരീക്ഷിക്കുകയും ചെയ്തത് അമേരിക്കയെ പ്രകോപിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് അമേരിക്കയടക്കം നിരവധി രാജ്യങ്ങള്‍ ഉത്തര കൊറിയക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇത്തരം രാജ്യത്തിനെതിരായ അമേരിക്കന്‍ നയങ്ങളാണ് തങ്ങളെ ആയുധ സംഭരണത്തിന് പ്രേരിപ്പിക്കുന്നതെന്ന് ഉത്തരകൊറിയ ആരോപിച്ചു.