ഡ്രൈവിങ് ടെസ്റ്റിനുള്ള പുതിയ വ്യവസ്ഥകള്‍ ഉടന്‍ നടപ്പിലാക്കില്ല.

 ഡ്രൈവിങ് ടെസ്റ്റിനുള്ള പുതിയ വ്യവസ്ഥകള്‍ ഉടന്‍ നടപ്പിലാക്കില്ല. പുതിയ തീരുമാനം നടപ്പിലാക്കുന്നത് ഏപ്രില്‍ ഒന്നുവരെ നീട്ടിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പുതുക്കിയ വ്യവസ്ഥ നടപ്പാക്കാന്‍ പ്രത്യേക ട്രാക്ക് ആവശ്യമാണോ എന്നറിയിക്കാന്‍ ഹൈക്കോടതി സംസ്ഥാനസര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. പുതുക്കിയ മാനദണ്ഡം ആവശ്യത്തിന് സൗകര്യമില്ലാതെ നടപ്പാക്കുന്നതിനെ ചോദ്യംചെയ്യുന്ന ഹര്‍ജിയിലാണിത്. പുതുക്കിയ മാനദണ്ഡമനുസരിച്ച് ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍ സംസ്ഥാനത്ത് എത്രയിടത്ത് അടിസ്ഥാന സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. ഡ്രൈവിങ് സ്‌കൂള്‍ നടത്തുന്ന തൃശ്ശൂര്‍ അരിമ്പുര്‍ സ്വദേശി കെ.എന്‍. മോഹനനാണ് പുതിയ സര്‍ക്കുലറിനെ ചോദ്യംചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. കേരളത്തില്‍ ഡ്രൈവിങ് ടെസ്റ്റ് ട്രാക്ക് സംവിധാനം ഏര്‍പ്പെടുത്തിയതിനെയാണ് ഹര്‍ജിക്കാരന്‍ ചോദ്യംചെയ്തത്. ഈ സംവിധാനം സംസ്ഥാനത്തുടനീളം തയ്യാറാക്കാതെയാണ് പരിഷ്‌കാരം നടപ്പാക്കുന്നതെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. സര്‍ക്കുലര്‍പ്രകാരം നവീനരീതിയിലുള്ള ഡ്രൈവിങ് ടെസ്റ്റ് മാര്‍ച്ച് ആറിന് തുടങ്ങാനായിരുന്നു സര്‍ക്കാര്‍ നേരത്തേ നിശ്ചയിച്ചിരുന്നത്.