ഉത്തരേന്ത്യയിൽ ഭൂചലനം ; പ്രഭവ കേന്ദ്രം ഡെറാഡൂണിനു കിഴക്ക് ; തീവ്രത 5.5

ഉത്തരേന്ത്യയിൽ പലയിടത്തും ഭൂചലനം. ഡൽഹിയിലും സമീപ പ്രദേശമായ ഗുഡ്ഗാവിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ബുധനാഴ്ച രാത്രി 8.51ഓടെയായിരുന്നു ശക്തമായ പ്രകമ്പനത്തോടെ ഭൂകമ്പമുണ്ടായത്. ചണ്ഡീഗഢ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും ഭൂചലനമുണ്ടായതായി റിപ്പോർട്ടുണ്ട്.

ഉത്തരാഖണ്ഡിലെ റൂർഖിയിലും ഡെറാഡൂണിലും ശക്തമായ ഭൂചലനമുണ്ടായി. ഭൂകമ്പത്തിന്റെ തീവ്രത റിക്ടർ സ്കെയിലിൽ 5.5 രേഖപ്പെടുത്തി. ഡെറാഡൂണിൽ നിന്ന് 121 കി.മീ. കിഴക്കു മാറിയാണു ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യൂറോപ്യൻ–മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു. താരതമ്യേന ശക്തമായ ഭൂകമ്പമാണ് അനുഭവപ്പെട്ടതെന്ന് പ്രദേശവാസികൾ പറയുന്നു. പലരും കെട്ടിടങ്ങളിൽ നിന്നു പുറത്തേക്ക് ഇറങ്ങിയോടി. തുടർച്ചയായ പ്രകമ്പനങ്ങളാണുണ്ടായതെന്ന് ഒട്ടേറെ പേർ ട്വീറ്റു ചെയ്തു.