ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം: തെര. കമ്മീഷന്‍

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രത്യേക ആരോപണങ്ങളൊന്നും ഉള്‍പ്പെടുത്താത്ത നിവേദനം ബിഎസ്പി ദേശീയ ജനറല്‍ സെക്രട്ടറിയില്‍ നിന്ന് മാര്‍ച്ച് 11ന് ലഭിച്ചിരുന്നു. ഇത് തള്ളിക്കളഞ്ഞുള്ള വിശദമായ മറുപടി അന്നു തന്നെ നല്‍കിയതായും കമ്മീഷന്‍ പത്രക്കുറുപ്പില്‍ അറിയിച്ചു.

രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നോ മത്സരാര്‍ത്ഥികളില്‍ നിന്നോ ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനില്‍ ഇടപെടലുകള്‍ ഉണ്ടായെന്ന വ്യക്തമായ പരാതി ലഭിച്ചാല്‍ ഗൗരവതരമായി പരിശോധിക്കുമെന്നും കമ്മീഷന്‍ ഉറപ്പു നല്‍കി. ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങളില്‍ പുറത്തു നിന്നുള്ള ഇടപെടലുകള്‍ ഉണ്ടാകില്ലെന്ന പൂര്‍ണ്ണ വിശ്വാസവും കമ്മീഷന്‍ പ്രകടിപ്പിച്ചു.

വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടത്താനാകുമെന്ന ആരോപണത്തില്‍ കഴമ്പില്ല. തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത സംരക്ഷിക്കാന്‍ സാങ്കേതിവും ഭരണപരവുമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കമ്മീഷന്‍ അറിയിച്ചു.

ബിഎസ്പി അധ്യക്ഷ മായാവതിയുടെ ആരോപണത്തെ സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസ്സും പിന്തുണച്ചിരുന്നു. പഞ്ചാബില്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ട ആം ആദ്മി പാര്‍ട്ടിയും ഇതേ ആരോപണം ഉന്നയിച്ചിരുന്നു. തോല്‍വിയുടെ നാണക്കേട് മറക്കാന്‍ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ചോദ്യം ചെയ്തതോടെയാണ് ശക്തമായ ഭാഷയില്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തിറങ്ങിയത്.