വോട്ടര്‍ പട്ടിക : വെബ്‌സൈറ്റ് പ്രവര്‍ത്തനരഹിതം

election
തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് വോട്ടര്‍ പട്ടികയില്‍ ഓണ്‍ലൈനായി പേരു ചേര്‍ക്കാനായി അവസാന ദിവസം വന്‍ തിരക്ക്. തിരക്കു കൂടിയതോടെ വെബ്‌സൈറ്റ് പ്രവര്‍ത്തനരഹിതമായി. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനും തിരുത്തലുകള്‍ വരുത്താനും രണ്ടാഴ്ച സമയം നല്‍കിയിട്ടും അവസാന നിമിഷം എല്ലാവരും കൂടി ഇതിന് ശ്രമിച്ചതാണ് വെബ്‌സൈറ്റ് തകരാറിലാക്കിയതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ പറഞ്ഞു. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററാണ് വെബ്‌സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. അവരുമായി ബന്ധപ്പെട്ട് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു.

lsgelection.kerala.gov.in എന്ന വിലാസത്തിലായിരുന്നു പേര് ചേര്‍ക്കേണ്ടത്. രാവിലെ മുതല്‍ തന്നെ നിരവധിപ്പേര്‍ അക്ഷയ കേന്ദ്രങ്ങളില്‍ ഇതിനായി എത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ചില സ്ഥലങ്ങളില്‍ അപേക്ഷകരുടെ നീണ്ട നിര തന്നെ രൂപപ്പെട്ടു. 2015 ജനവരി ഒന്നിന് 18 വയസ്സ് തികഞ്ഞവര്‍ക്കും പ്രവാസികള്‍ക്കും വോട്ടു ചേര്‍ക്കാന്‍ അവസരമുണ്ടായിരുന്നു. ഉച്ചയ്ക്ക് രണ്ടു മണി വരെയായിരുന്നു പേര് ചേര്‍ക്കാന്‍ അനുവദിച്ച സമയം.