എഞ്ചിനിയേഴ്‌സിനായി ഒരു ദിനം!

രാജ്യത്തിൻ്റെ വികസന സ്വപ്നങ്ങളിലെ പ്രധാന പങ്കാളികളെ ഒാർമ്മിക്കാനും ഒരു ദിനം. അതാണ് എഞ്ചിനിയേഴ്‌സ് ഡേ’. ആധുനിക ഇന്ത്യ ഊറ്റംകൊള്ളുന്ന പല പദ്ധതികളുടെയും പിന്നിൽ പ്രവർത്തിച്ച സർ മോക്ഷഗുണ്ടം വിശ്വേശരയ്യയുടെ ജന്മദിനമാണ് എൻജിനീയർമാരുടെ ദിനമായി നാം ആചരിക്കുന്നത്. 1861 സെപ്തംബർ 15 ന് ചിക്കബല്ലാപൂരിനടുത്തുള്ള മുദ്ദെനഹള്ളിയിൽ ജനിച്ച മോക്ഷഗുണ്ടം വിശ്വേശ്വരയ്യ ഡാം നിർമ്മാതാവ്, സാമ്പത്തിക വിദഗ്ധൻ, രാഷ്ട്രതന്ത്രജ്ഞൻ തുടങ്ങിയനിലയിൽ പ്രഗത്ഭനാണ്

1912-ൽ മൈസൂരിൻ്റെ ദിവാനായിരുന്നു മോക്ഷഗുണ്ടം . ആധുനിക മൈസൂരിൻ്റെ ശില്പിയുമായ വിശ്വേശ്വരയ്യയുടെ ഓർമ്മ പുതുക്കുക, എഞ്ചിനീയറിംഗ് മേഖലയിലെ അർപ്പണ ബോധം ഊട്ടിയുറപ്പിക്കുക എന്നിവയും ഇൗ ദിനാചരണത്തിൻ്റെ ലക്ഷ്യമാണ്. കൊൽക്കത്ത ആസ്ഥാനമായ ഇൻസ്റ്റിട്യൂഷൻ ഓഫ് എഞ്ചിനിയേഴ്സിൻ്റെ നേതൃത്വത്തിലാണ് ഇന്ത്യയിൽ ഈ ദിവസം ആചരിക്കുന്നത്. എല്ലാ സംസ്ഥാന കേന്ദ്രങ്ങളിലും പ്രാദേശിക ചാപ്റ്ററുകളിലും ഇൗ ദിവസം പ്രഭാഷണങ്ങളും അനുബന്ധ പരിപാടികളും സംഘടിപ്പിക്കുന്നു.

ഇന്ത്യ കണ്ട പ്രായോഗിക ബുദ്ധിയുള്ള എഞ്ചിനീയര്‍ ആയിരുന്നു അദ്ദേഹം. ലളിതമായ വിദ്യകളിലൂടെയാണ് ചുരുങ്ങിയ ചെലവില്‍ ജലസേചനം, റോഡ് നിര്‍മ്മാണം, അഴുക്കുചാല്‍ നിര്‍മ്മാണം എന്നീ കാര്യങ്ങള്‍ അദ്ദേഹം നടപ്പാക്കിയത്. അണക്കെട്ടുകളിലെ നൂതനമായ ഗേറ്റ് സംവിധാനം അദ്ദേഹത്തിൻ്റെ സംഭാവനയാണ്. രാജ്യത്തെ ജനകീയവും ചെലവ് കുറഞ്ഞതുമായി നിരവധി പദ്ധതികളുടെ ബുദ്ധി കേന്ദ്രം വിശ്വേശ്വരയ്യ ആയിരുന്നു. കര്‍ണ്ണാടകത്തിലെ എല്ലാ എഞ്ചിനീയറിംഗ് കോളേജുകളും ഇന്ന് പ്രവര്‍ത്തിക്കുന്നത് വിശ്വേശ്വരയ്യയുടെ പേരിലാണ്. ലളിതജീവിതം നയിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.