വിശ്വാസി സമൂഹത്തെ തടങ്കലില്‍ വച്ച് ആര്‍.എസ്.എസ് ഹീനമായ രാഷ്ട്രീയം കളിക്കുന്നുവെന്ന് മന്ത്രി ഇ.പി. ജയരാജന്‍

വിശ്വാസി സമൂഹത്തെ തടങ്കലില്‍ വച്ച് ആര്‍.എസ്.എസ് ഹീനമായ രാഷ്ട്രീയം കളിക്കുന്നുവെന്ന് മന്ത്രി ഇ.പി ജയരാജന്‍. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ പ്രതിഷേധങ്ങള്‍ ശക്തമാവുകയും നിരവധി സ്ഥലങ്ങളില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറുകയും ചെയ്തതോടെയാണ് വിഷയത്തില്‍ മന്ത്രി ഇ.പി.ജയരാജന്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി വാര്‍ത്താ സമ്മേളനം നടത്തിയത്.

‘വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി ശബരിമലയിലേക്ക് എത്തുന്ന ഭക്തന്മാര്‍ക്ക് ദര്‍ശനം നടത്താനുള്ള അവകാശം ഇല്ലാതാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. വാഹനങ്ങളില്‍ പരിശോധന നടത്തി യുവതികളായ സ്ത്രീകളെ ഇറക്കി വിടുക, മാധ്യമ പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ചു ആക്രമിക്കുക എന്നിവയാണ് ഇവര്‍ ചെയ്യുന്നത്. പത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇതിനോടകം പരിക്കേറ്റിട്ടുണ്ട്. അഞ്ച് തീര്‍ത്ഥാടകര്‍ക്കും, പതിനഞ്ച് പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. നിരവധി കെ.എസ്.ആര്‍.ടി.സി ബസുകള്‍ തകര്‍ത്തിട്ടുണ്ട്. വനിതാ മാധ്യമ പ്രവര്‍ത്തകരേയും, ദേശീയ മാധ്യമങ്ങളേയും തിരഞ്ഞുപിടിച്ച് ഉപദ്രവിക്കുക. പൊലീസുകാരുടെ വാഹനങ്ങള്‍ തകര്‍ക്കുക തുടങ്ങി തീര്‍ത്തും ഹീനമായ പ്രവര്‍ത്തിയാണ് ആര്‍.എസ്.എസ് ചെയ്യുന്നത്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന അയ്യപ്പ ഭക്തമ്മാരെ തടഞ്ഞു നിര്‍ത്തുക. പോലീസ് വാഹനങ്ങളെ ആക്രമിക്കുക, വിശ്വാസത്തെ അലംങ്കോലപ്പെടുത്താനുള്ള ശ്രമം നടത്തുക തുടങ്ങി അക്രമം അഴിച്ചുവിട്ടുകൊണ്ട് സഘര്‍ഷാവസ്ഥ ശ്രഷ്ടിക്കുകയാണ് ആര്‍.എസ്.എസ്.

സംസ്ഥാന സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം സുപ്രീം കോടതി വിധി നടപ്പിലാക്കേണ്ടതുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടത്തിയ അക്രമത്തില്‍ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ക്രമസമാധാനം സംരക്ഷിക്കാന്‍ ഗവണ്‍മെന്റ് ബാധ്യസ്ഥരാണ്. കൂടുതല്‍ സേനാ വിഭാഗത്തെ പമ്പയില്‍ വിന്യസിച്ചിട്ടുണ്ട്. കാടുകളിലും പരിസരപ്രദേശത്തും ആയുധങ്ങളുമായി ഒളിഞ്ഞിരുന്ന് സൈന്യമാണ് ആക്രമണം നടത്തുന്നത്. പത്രസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നു. നിര്‍ഭയമായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള അവരുടെ സ്വാതന്ത്ര്യത്തെ മാനിക്കണം. പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഇ.പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Show More

Related Articles

Close
Close