അന്വേഷണത്തില്‍ കന്യാസ്ത്രീകള്‍ക്ക് പോലും പരാതിയില്ല; സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ആരും ശ്രമിക്കണ്ട: ഇ.പി ജയരാജന്‍

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിക്കെതിരെ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തില്‍ പ്രതികരണവുമായി മന്ത്രി ഇ.പി ജയരാജന്‍. കന്യാസ്ത്രീകള്‍ക്ക് പോലും അന്വേഷണം ശരിയായ ദിശയിലല്ലെന്ന പരാതിയുണ്ടാകാന്‍ സാധ്യതയില്ലെന്നും പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു കുറ്റവാളിയെയും സര്‍ക്കാര്‍ സംരക്ഷിക്കില്ല. സത്യസന്ധവും നീതിപൂര്‍വ്വവുമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. ശരിയായ ദിശയിലാണ് അന്വേഷണം. ഇതേകുറിച്ച് ആര്‍ക്കും ഒരു പരാതിയും ഉണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍ അവരെ കൊണ്ട് പരാതി പറയിപ്പിച്ച് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും ജയരാജന്‍ പറഞ്ഞു.

ശരിയായ അന്വേഷണത്തിന് കൂടിതല്‍ സമയപരിധി ആവശ്യമാണ്. കൂടിതല്‍ തെളിവ് ലഭിക്കാന്‍ ഇത് അനിവാര്യമാണ്. കുറെനാളായി അന്വേഷണ സംഘം ഇതിന്റെ പുറകിലാണ്. അന്വേഷണ സംഘത്തിന്റെ സമയപരിധി നിശ്ചയിച്ച് ഇടപെടാന്‍ സര്‍ക്കാര്‍ ഒരു വിധത്തിലും ശ്രമിക്കില്ല. സര്‍ക്കാരിന് മേല്‍ ഒരുവിധത്തിലുമുള്ള സമ്മര്‍ദ്ദമില്ല. ജനങ്ങള്‍ക്കും സര്‍ക്കാരിനെതിരെ ഒരു പരാതിയുമില്ല. എന്നാല്‍ ദയവു ചെയ്ത് ഉണ്ടാക്കാന്‍ ശ്രമിക്കരുതെന്നും മന്ത്രി വ്യക്തമാക്കി.