ഇറോം ശര്‍മ്മിള ഇനി കേരളത്തിലേക്ക്

മണിപ്പൂരിന്റെ ഉരുക്കുവനിത കേരളത്തിലേക്ക്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയ ഇറോം ശര്‍മ്മിള രാഷ്ട്രീയം പ്രവര്‍ത്തനം അവസാനിപ്പിച്ചാണ് കേരളത്തിലേക്ക് വരാനൊരുങ്ങുന്നത്.

താന്‍ കുറച്ച് നാളത്തേക്ക് മണിപ്പൂര്‍ വിടുകയാണ്. ദക്ഷിണേന്ത്യയിലേക്ക് പോവും. കേരളത്തിലെ ഒരു ആശ്രമത്തില്‍ കഴിയും. ചിലപ്പോള്‍ ഒരുമാസം. അവിടെ ധ്യാനിക്കാനും ആധ്യാത്മിക കാര്യങ്ങളില്‍ ശ്രദ്ധിക്കാനും സമയം ചെലവഴിക്കും’, ഇറോം പറഞ്ഞു.

ജനങ്ങള്‍ തന്നെ സ്വീകരിച്ചില്ലെന്നാണ് തെരഞ്ഞെടുപ്പു ഫലം കാണിക്കുന്നതെന്നും അത് തന്നെ വല്ലാതെ തകര്‍ത്തുകളഞ്ഞതായും അവര്‍ വ്യക്തമാക്കി. ഇംഫാലില്‍ മലയാളിയായ സിസ്റ്റര്‍ പൗളീന്‍ നടത്തുന്ന കാര്‍മല്‍ ജ്യോതി ആശ്രമത്തിലാണ് ഇറോമിപ്പോള്‍. ഫലം എന്താകുമെന്ന് ഏറെക്കുറെ മനസ്സില്‍ കണ്ടിരുന്നു. വരുന്ന പാര്‍ലമെന്റിലും മത്സരിക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും ഇനിയില്ല.

ജനങ്ങളുടെ വോട്ടവകാശം പണം കൊടുത്ത് ചിലര്‍ വാങ്ങിയെന്നും ഇറോം ആരോപിക്കുന്നു. ലോകത്തിന്റെ ഏത് കോണിലായാലും സൈനിക പരമാധികാര നിയമത്തിനെതിരെ പോരാട്ടം തുടരുമെന്നും ഇറോം ശര്‍മിള പറഞ്ഞു.

പീപ്പിള്‍സ് റീസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സ് എന്ന പുതുപാര്‍ട്ടിയുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ഇറോമിന് 90 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. തൗബാല്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി ഇബോബി സിംഗിനെതിരേയാണ് ഇറോം ജനവിധി തേടിയത്. നോട്ടയ്ക്കും പിന്നിലായിരുന്നു ഇറോമിന് ലഭിച്ച വോട്ടുകള്‍.