പൊന്നുംവില കിട്ടുന്ന 72 സെന്റ് സ്ഥലം പ്രളയബാധിതര്‍ക്ക് ദാനം നല്‍കാന്‍ ഒരുങ്ങി കര്‍ഷകന്‍

പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് തന്റെ സ്വത്തിന്റെ പാതി ദാനം നല്‍കാന്‍ ഒരുങ്ങി കര്‍ഷകന്‍. കുമളി ഒട്ടകത്തലമേട് സ്വദേശി ദാസ് നാരായണനാണ് ഒരു ആയുഷ്‌ക്കാലം മുഴുവന്‍ സമ്പാദിച്ച രണ്ടേക്കര്‍ സ്ഥലത്തില്‍ 72 സെന്റ് സ്ഥലം പ്രളയക്കെടുതിയില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചത്. സ്ഥലത്തിന് പുറമെ 10,000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ ആണ് ദാസിന്റെ തീരുമാനം.

തേക്കടി തടാകത്തിന്റെ ഉള്‍പ്പെടെ മനോഹരമായ പ്രകൃതി ദൃശ്യമുള്ള സ്ഥലമാണ് ദാസ് ദുരിതബാധിതര്‍ക്ക് നല്‍കുന്നത്. 10 വര്‍ഷമായി കൈവശമുള്ള ഈ ഭൂമിക്ക് ഈയടുത്താണ് പട്ടയം ലഭിച്ചത്. നല്ല വില ലഭിക്കുന്ന ഭൂമിയാണെങ്കിലും ആ പണം വേണ്ടെന്ന് വെച്ചാണ് ദാസ് ഇത് ദാനം ചെയ്യാന്‍ തീരുമാനിച്ചത്. പ്രകൃതിഭംഗി കൊണ്ട് ആകര്‍ഷണീയമായ ഈ സ്ഥലം വാങ്ങാന്‍ പലരും എത്തിയിരുന്നെങ്കിലും ഇത് വില്‍ക്കാന്‍ ദാസ് തയ്യാറായിരുന്നില്ല.

ഭാര്യ സരസമ്മയും മക്കളായ മനുവും അഞ്ചനയും ദാസിന്റെ ആഗ്രഹത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്. തനിക്ക് ജീവിക്കാനുള്ള വക കൃഷിയില്‍ നിന്ന് ലഭിക്കുന്നുണ്ട്. അതുകൊണ്ട് 72 സ്ഥലം ദുരിതബാധിതര്‍ക്ക് ഉടന്‍ തന്നെ നല്‍കുമെന്ന് ദാസ് പറഞ്ഞു. 1972 മുതല്‍ ഒട്ടകത്തലമേട്ടില്‍ താമസിക്കുന്ന ദാസ് ഇതിന് മുമ്പും ഭവനരഹിതര്‍ക്ക് ഭൂമി ദാനം ചെയ്തിട്ടുണ്ട്.മുഖ്യമന്ത്രിയെ നേരില്‍ കണ്ട് സ്ഥലത്തിന്റെ രേഖയും പണവും കൈമാറാനാണ് കുടുംബത്തിന്റെ തീരുമാനം.