മുംബൈയില്‍ ബഹുനിലകെട്ടിടത്തില്‍ വന്‍ തീപിടിത്തം; 15 മരണം

മുംബൈയില്‍ കെട്ടിടത്തിന് തീപിടിച്ച് പതിനഞ്ച് പേര്‍ മരിച്ചു. സേനാപതി മാര്‍ഗിലെ കമലാ മില്‍ കോമ്പൗണ്ടിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരില്‍ 12 പേര്‍ സ്ത്രീകളാണ്.  ഒട്ടേറെ പേര്‍ക്കു പൊള്ളലേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. ആറു നില കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിലാണ് തീപടര്‍ന്നത്. നിരവധി ഓഫീസുകളും ഹോട്ടലുകളും അടങ്ങുന്ന 37 ഏക്കര്‍ കോമ്പൗണ്ടാണ് ഇത്. ഇന്നലെ രാത്രി 12.30ഓടെയാണ് തീപിടിത്തമുണ്ടായത്.  പരിക്കേറ്റവരെ സമീപത്തെ കിങ് എഡ്വേര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മോജോ ബ്രിസ്‌റ്റോ എന്ന ഹോട്ടലില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. അരമണിക്കൂറിനുള്ളില്‍ സമീപത്തെ കെട്ടിടങ്ങള്‍ മുഴുവന്‍ തീപ്പിടിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. നിരവധി വാര്‍ത്താ ചാനലുകളുടെ ഓഫീസുകളും പ്രവര്‍ത്തിക്കുന്നത് ഈ പ്രദേശത്ത് നിന്നാണ്. തീപ്പിടിത്തമുണ്ടായതോടെ ചാനലുകളുടെ പ്രവര്‍ത്തനവും തടസ്സപ്പെട്ടു. എട്ടോളം ഫയര്‍ എന്‍ജിനുകളുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.  2 മണിക്കൂറെടുത്താണ് അഗ്നിശമന സേന തീയണച്ചത്. തീ പൂര്‍ണമായും അണച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.