ഹനാനെ സോഷ്യല്‍ മീഡിയയില്‍ അപമാനിച്ച നൂറുദ്ദീന്‍ ഷെയ്ക്ക് പിടിയില്‍; പോസ്റ്റ് ഷെയര്‍ ചെയ്തവരും കുടുങ്ങും

ഉപജീവനത്തിനായി മീന്‍ വില്‍പ്പന നടത്തിയ കോളേജ് വിദ്യാര്‍ത്ഥിനി ഹനാനെ അധിക്ഷേപിച്ച് ആദ്യമായി ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോ നല്‍കിയ നൂറുദ്ദീന്‍ ഷെയ്ക്കിനെ കൊച്ചി പോലീസ് പിടികൂടി. ഇയാളെ അസി.കമ്മീഷണര്‍ ലാല്‍ജിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്. ഇന്ന് രാവിലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഹനാനെതിരെ നടന്ന സൈബര്‍ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടണമെന്ന് പോലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. വൈകിട്ട് കോതമംഗലത്ത് ഹനാനെ ചികിത്സിക്കുന്ന ആശുപത്രിയിലെത്തി പോലീസ് അവരുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു.

ഐ.ടി. ആക്ട് ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഐ.ടി. ആക്ട് 67 (ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള അപമാനിക്കല്‍), ഐ.പി.സി. 509 (സ്ത്രീത്വത്തെ അപമാനിക്കല്‍), 34 (പൊതു ഉദ്ദേശ്യം), കേരള പോലീസ് ആക്ട് 120 (ഒ) വിവിധ മാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചാരണം തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് നൂറുദ്ദീനെതിരെ കേസെടുത്തിരിക്കുന്നത്.

ഹനാന്‍ മീന്‍വില്‍ക്കുന്ന കാര്യം വാര്‍ത്തയായതോടെ ഇതില്‍ തട്ടിപ്പുണ്ടെന്ന് ആരോപിച്ച് ആദ്യം ഫെയ്സ്ബുക്ക് ലൈവ് വീഡിയോ നല്‍കിയ ആളാണ് നൂറുദ്ദീന്‍. എല്ലാം പരിശോധിച്ചെന്നും ഒരു സിനിമയുടെ പ്രമോഷനു വേണ്ടിയാണ് ഹനാന്‍ മീന്‍ വിറ്റതെന്നും, മാധ്യമങ്ങളും അതില്‍ പങ്കാളികളാകുകയായിരുന്നുവെന്നുമാണ് ഇയാള്‍ ആരോപിച്ചത്. നൂറുദ്ദീന്‍ പിടിയിലായതോടെ ഇയാളുടെ പോസ്റ്റ് ഷെയര്‍ ചെയ്തവരും കുടുങ്ങും.