ഓണം-ബക്രീദ് സീസണ്‍; വിമാന കമ്പനികള്‍ നിരക്ക് വര്‍ദ്ധന പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി

ഓണം-ബക്രീദ് സീസണിലെ ഭീമമായ വിമാന നിരക്ക് വര്‍ദ്ധന പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗള്‍ഫ് മേഖലയിലേക്ക് കേരളത്തില്‍ നിന്നുള്ള ടിക്കറ്റ് നിരക്ക് വിമാനകമ്പനികള്‍ കുത്തനെ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. സാധാരണ ഗതിയില്‍ 4000 രൂപ മുതല്‍ 12000 രൂപ വരെ നിരക്കുള്ളിടത്ത് ഇപ്പോള്‍ അതിന്റെ അഞ്ചിരട്ടി തുകയാണ് ഈടാക്കുന്നത്. എന്നാല്‍ ചെന്നൈ മുംബൈ തുടങ്ങിയ ഇന്ത്യയിലെ മറ്റു വിമാനത്താവളങ്ങളില്‍ നിന്നും കാര്യമായ നിരക്ക് വര്‍ദ്ധന ഗള്‍ഫ് മേഖലയിലേക്ക് ഇല്ല എന്നതും ശ്രദ്ധേയമാണ്.

ദശലക്ഷക്കണക്കിന് കേരളീയര്‍ ഗള്‍ഫ് നാടുകളില്‍ ജോലിയെടുക്കുന്നുണ്ട്. അവരില്‍ ഭൂരിഭാഗവും കുറഞ്ഞ വരുമാനക്കാരും പ്രയാസപ്പെട്ട് ജീവിക്കുന്നവരുമാണ്. അവര്‍ക്ക് താങ്ങാനാവാത്ത വര്‍ദ്ധനയാണ് എയര്‍ലൈനുകള്‍ ഇപ്പോള്‍ നടപ്പാക്കുന്നത്. സാധാരണക്കാരായ പ്രവാസികളെ ചൂഷണം ചെയ്യുന്ന ഇത്തരം നടപടികള്‍ തിരുത്തണമെന്നും സാധാരണ നിരക്കുകള്‍ പുനഃസ്ഥാപിച്ചു ഈ കാര്യത്തില്‍ എയര്‍ ഇന്ത്യ മാതൃക കാണിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു